'വേണ്ടി വന്നാൽ വിദേശത്ത് പോകും,വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ല'; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
പുതിയ പീഡന ആരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കും
കൊച്ചി: നടൻ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്നും വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. വിജയ് ബാബുവിനെതിരായ പുതിയ പീഡന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
'പരാതി ലഭിച്ചാൽ അന്വേഷിക്കും. ആദ്യ പരാതിയിൽ അന്വേഷണത്തിൽ കാലതാമസം വന്നിട്ടില്ലെന്നും പ്രതി കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്നും' പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 22ന് വൈകിട്ട് എഫ്.ഐ.ആർ ഇട്ട ഉടൻ പ്രതിയെ അന്വേഷിച്ചു. അപ്പോഴേക്കും പ്രതി ഗോവയിൽ എത്തിയിരുന്നു.
പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത് അറസ്റ്റിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.