Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
കൊച്ചി: കൊച്ചി കോർപറേഷൻറെ അതിവിപുലമായ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി. വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പുതിയ കെട്ടിടത്തിൻറെ പണി പൂർത്തിയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 21ന് കെട്ടിടത്തിൻറെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മേയർ അനിൽ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാറിമാറി വന്ന ഭരണസമിതികൾ പരസ്പരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധിച്ചും മൂന്ന് തവണ തറക്കല്ലിട്ട ആസ്ഥാന മന്ദിരമാണ് തദ്ദേശ തെരഞ്ഞെടുപ്പിന് നാളടുത്തിരിക്കെ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. ആദ്യം എറണാകുളത്തപ്പൻ ഗ്രൗണ്ടിലായിരുന്നു തറക്കല്ലിട്ടത്. മൂന്ന് കോടി രൂപ അന്നത്തെ കോൺട്രാക്ടർക്ക് നൽകിയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കോടതി വ്യവഹാരത്തെ തുടർന്ന് അത് മാറ്റിയാണ് മറൈൻ ഡ്രൈവിനോട് ചേർന്നുള്ള സ്ഥലത്ത് 2006ൽ രണ്ടാമത് തറക്കല്ലിടുന്നത്. പിന്നീട് 2015ലാണ് പദ്ധതി പുനരാരംഭിക്കുന്നത്.
മറൈൻ ഡ്രൈവ് പദ്ധതി വിഭാവനം ചെയ്ത കുൽദീപ് സിംഗ് ആണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. കെട്ടിടത്തിൽ പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായി പതിച്ചുവെച്ച കൊച്ചി നഗരത്തിന്റെ പൂർണമായ ഭൂപടത്തിൽ ഒറ്റ നോട്ടത്തിൽ എല്ലാം വ്യക്തം. അതിൽ കേരള ചരിത്രത്തിലെ പ്രമുഖരുടെ ചിത്രങ്ങളും കാണാം. കൗൺസിൽ ഹാളിൽ നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ബേസ്മെന്റ് ഫ്ലോറിൽ 200 വാഹനങ്ങൾക്ക് പാർക്കിങ് സൗര്യങ്ങളും കൃത്യമായ സീവേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൗൺസിൽ ഹാളിന്റെയും മേയറുടേയും അടക്കം റൂമുകളുടെ വാതിലുകളും കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു.
മാറിമാറി വന്ന പല കൗൺസിലുകളും ശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപനം യാഥാർഥ്യമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കെട്ടിടം ഉദ്ഘാടനം ചെയ്യും.