കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: നാല് വിദേശികള്‍ ഗുജറാത്തില്‍ പിടിയിൽ

ഗുജറാത്ത് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.

Update: 2022-10-04 04:06 GMT
Advertising

കൊച്ചി: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു ഇറ്റാലിയൻ സ്വദേശികൾ പിടിയില്‍. ഗുജറാത്തിലാണ് ഇവർ പിടിയിലായത്. റെയില്‍വേ ഗൂണ്‍സ് എന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊച്ചി മെട്രോയിലെ ​ഗ്രാഫിറ്റിക്ക് പിന്നിലും തങ്ങളാണെന്ന് പ്രതികൾ മൊഴി നൽകിയത്. ​ഗുജറാത്ത് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.

കഴിഞ്ഞ മെയ് 26ന് പട്ടാപ്പകലായിരുന്നു കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്നിൽ സ്പ്രേ പെയ്ന്റ് ഉപയോ​ഗിച്ച് ഭീഷണി സന്ദേശം എഴുതിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായിരുന്നില്ല. നാലു കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ തുടങ്ങിയ വാക്കുകളാണ് പെയിന്റ് ചെയ്തത്.

കഴിഞ്ഞദിവസം അഹമ്മദാബാദ് മെട്രോയിലും സമാന സംഭവം നടന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്റ്റേഷനില്‍ അതിക്രമിച്ചു കടന്ന് മെട്രോ റെയില്‍ കോച്ചില്‍ 'ടാസ്' എന്ന് സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയ്നുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് പറയുന്നു. ഒരു പൊതു സ്ഥലത്ത് അനുവാദമില്ലാതെ നിയമവിരുദ്ധമായി വരയ്ക്കുന്നതോ സ്പ്രേ ചെയ്യുന്നതോ ആയ ചിത്രങ്ങളേയോ എഴുത്തുകളേയോ ആണു ഗ്രാഫിറ്റി എന്നു പറയുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News