കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്
എറണാകുളം: കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുറ്റം സമ്മതിച്ചു. ഇന്നുരാവിലെയാണ് സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
ജോർജിൻ്റെ വാടകവീട്ടിൽ താമസിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ജോർജ് കുറ്റം സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണം. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകം നടന്നത് രാത്രി 12 മണിയോടെയെന്ന് പൊലീസ്. രാത്രി 10 മണിക്ക് എറണാകുളം സൗത്തിൽ വച്ച് പരിചയപ്പെട്ട സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നു. 12 മണിയോടെ പണത്തെ ചൊല്ലി തർക്കം ഉണ്ടായി. കമ്പി പാര ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും എസിപി. കൊലപാതകം താൻ നടത്തിയത് അല്ല എന്ന് പൊലീസിനോട് ആദ്യം പറഞ്ഞു. വിശദമായി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു എന്നും എസിപി.
ജോർജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവശ നിലയിലായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചാക്ക് അന്വേഷിച്ച് ഇയാൾ പരിസരത്തെ കടയിൽ എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മാലിന്യം എടുക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. പ്രതിയും മൃതദേഹത്തിന് അരികിലായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.