കൊച്ചി കപ്പൽ അപകടം: കൊല്ലം, തിരുവനന്തപുരം തീരങ്ങളിലും ജാഗ്രതാ നിർദേശം
തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്താണ് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നത്.
Update: 2025-05-24 15:37 GMT
കൊച്ചി: കപ്പൽ അപകടത്തെ തുടർന്ന് കൊല്ലം, തിരുവനന്തപുരം തീരത്തും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്താണ് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നത്. മറിഞ്ഞ കപ്പലിൽ നിന്ന് ഒഴുകിപ്പോയ കണ്ടയ്‌നറുകളിൽ അപകടകരമായ വസ്തുക്കൾ ഉള്ളതാണ് ജാഗ്രതാ നിർദേശം നൽകാനുള്ള കാരണം. കണ്ടയ്‌നറുകൾ തീരത്ത് അടിഞ്ഞാൽ ആരും തൊടരുതെന്ന് പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് എംഎസ്‌സി എൽസ3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ, വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.