ബി.ജെ.പി കള്ളപ്പണകേസ്; കവർച്ച തുകയില്‍ നാലു ലക്ഷം പൊലീസിൽ ഹാജരാക്കി

പ്രതികളായ രഞ്ജിത്, ബഷീർ എന്നിവരിൽ നിന്നും കടം വാങ്ങിയവരാണ് തുക ഹാജരാക്കിയത്.

Update: 2021-06-10 16:25 GMT

ബി.ജെ.പി കള്ളപ്പണക്കേസിൽ കവർച്ച തുകയില്‍ നാല് ലക്ഷം രൂപ പൊലീസിൽ ഹാജരാക്കി. പ്രതികളായ രഞ്ജിത്, ബഷീർ എന്നിവരിൽ നിന്നും കടം വാങ്ങിയവരാണ് തുക ഹാജരാക്കിയത്. 

കേസില്‍ ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ്സ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഉല്ലാസ് ബാബുവിനെ വിളിച്ചുവരുത്തിയത്.

ധർമരാജൻ പത്തു കോടി രൂപ തൃശൂരിൽ എത്തിക്കുകയും അതിൽ ആറു കോടി ബി.ജെ.പി ജില്ല നേതാക്കൾക്ക് നൽകിയെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാൽ ധർമ്മരാജനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഉല്ലാസ് ബാബു പറഞ്ഞു.

Advertising
Advertising

ഇതിനിടെ കേസില്‍ അന്വേഷണ സംഘം പിടിച്ചെടുത്ത തുക തങ്ങളുടെതാണെന്നും അതു വിട്ട് നൽകണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജനും സുനിൽ നായിക്കും വീണ്ടും ഹരജി നൽകി. കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഹരജി നൽകിയിട്ടുണ്ട്.

കൊടകര കള്ളപ്പണക്കേസിന്‍റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ മണ്ഡലത്തിലെ ബി.ജെ.പിയുടെ പണമിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി ഡി.ജി.പിക്ക് പരാതി നൽകി. മണ്ഡലത്തിൽ മാത്രമായി ഏഴു കോടിയോളം രൂപ ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് സമയത്ത് നിരവധി കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾ മണ്ഡലത്തിലെത്തിയതായും പരാതിയുണ്ട്. എല്‍.ഡി.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടു.

അതേസമയം, കള്ളപ്പണക്കേസിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി പ്രതിഷേധം നടത്തി. സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധ സമരജ്വാല പരിപാടി സംഘടിപ്പിച്ചത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News