കോട്ടയം ഇരട്ടക്കൊല:' ദമ്പതികളുടെ മകന്റേതും കൊലപാതകം, കേസ് സിബിഐക്ക് വിടാൻ ഉത്തരവിട്ടിരുന്നു': അഡ്വ.അസഫലി
ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അസഫലി
കൊച്ചി: കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഗൗതമിന്‍റെ മരണം കൊലപാതകമാണെന്ന് അഭിഭാഷകൻ ടി. അസഫലി.കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ മരണവും അതും ബന്ധമുണ്ടോ എന്നറിയില്ലെന്നും അസഫലി മീഡിയവണിനോട് പറഞ്ഞു. ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി ശരിവെച്ചിരുന്നുവെന്നും കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അസഫലി പറഞ്ഞു.
'2018ലാണ് കൊല്ലപ്പെട്ട വിജയകുമാറിന്‍റെയും മീരയുടെയും മകനായ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.കഴുത്തിന് മൂന്നോ നാലോ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.ഇത് സ്വയം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ കഴിയില്ല.ഇതും കഴിഞ്ഞ് 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണ്. ഇതൊരു ആത്മഹത്യയല്ല,കൊലപാതകമാണെന്ന് എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്'. അഡ്വ.അസഫലി പറഞ്ഞു.
ഗൗതമിന്‍റെ മൃതദേഹത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞനിലയിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും പ്രതികരിച്ചിരുന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനെയും ഡോക്ടറായ മീരയെയും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്‍റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി.
സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്.ഇയാൾ മുമ്പ് ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമിതിന്റെ ഫോൺ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.