സീറ്റ് ലഭിച്ചില്ല; ‌‌കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയും ലീ​ഗ് കൗൺസിലറും രാജിവച്ചു

എരഞ്ഞിപ്പാലം വാർഡിൽ സ്ഥാനാർഥിയെ നൂലിൽ കെട്ടി ഇറക്കിയെന്ന് ബാബുരാജ് ആരോപിച്ചു.

Update: 2025-11-15 07:01 GMT

Photo| Special Arrangement

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി സെക്രട്ടറി രാജിവച്ചു. ബാബുരാജാണ് രാജിവച്ചത്. എരഞ്ഞിപ്പാലം വാർഡിൽ സ്ഥാനാർഥിയെ നൂലിൽ കെട്ടി ഇറക്കിയെന്നും മുതിർന്ന നേതാക്കളുടെ അഭാവം കോഴിക്കോട് കോൺഗ്രസിൻ്റെ പതനത്തിന് കാരണമായെന്നും ബാബുരാജ് ആരോപിച്ചു.

കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം സീറ്റ് ലിഗിന് നൽകാൻ തീരുമാനിച്ചിരുന്നു. മുന്നണി മര്യാദകൾ പാലിക്കാമെന്ന് താൻ അറിയിച്ചു. എന്നാൽ കൈപ്പത്തി ചിഹ്നം തന്നെ വേണം എന്ന് പിന്നീട് തീരുമാനിച്ചു. പക്ഷേ, വാർഡുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കുകയാണ് ചെയ്തത്.

Advertising
Advertising

അദ്ദേഹത്തിന് പാർട്ടിയിൽ പദവിയില്ലെന്നും എന്നാൽ പദവികളുള്ളവരെ തഴഞ്ഞെന്നും ബാബുരാജ് ആരോപിച്ചു. അതിനാൽ പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായും ബാബുരാജ് വ്യക്തമാക്കി. മറ്റ് പാർട്ടികളിലേക്ക് പോകുന്നതോ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതോ തീരുമാനിച്ചിട്ടില്ലെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. 

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കൗൺസിലറും രാജിവച്ചു. കോഴിക്കോട് മൂന്നാലുങ്കൽ കൗൺസിലർ റംലത്താണ് രാജി വച്ചത്. വനിതാ ലീഗ് നോർത്ത് മണ്ഡലം പ്രസിഡൻ്റായിരുന്നു റംലത്ത്.

‌നേരത്തെ, ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസി‍ഡന്റ് അയ്യൂബും കൗൺസിലർ അൽഫോൻസയും ഉൾപ്പെടെയുള്ളവർ രാജിവച്ചിരുന്നു. അവസാന ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഡിസിസി സെക്രട്ടറിയുടെ രാജി.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News