കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഗ്രീൻഫീൽഡ് പാത: ഭൂമി ഏറ്റെടുക്കൽ സർവേക്കെതിരെ അരീക്കോട് പ്രതിഷേധം ശക്തം

അരീക്കോട് വില്ലേജിൽ 47 ഏക്കർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് പാതക്കായി ഏറ്റെടുക്കുന്നത്

Update: 2022-10-07 03:27 GMT
Editor : ijas

മലപ്പുറം: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതയുടെ ഭൂമി ഏറ്റെടുക്കൽ സർവേക്കെതിരെ മലപ്പുറം അരീക്കോട് പ്രതിഷേധം ശക്തം. കല്ലിടാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. അരീക്കോട് വില്ലേജിലെ കിളികല്ലിങ്ങലിലാണ് ഗ്രീൻ ഫീൽഡ് ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അരങ്ങേറിയത്.

Full View

കഴിഞ്ഞ ദിവസം പ്രദേശത്ത് വൻ പൊലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥ സംഘം സർവ്വേക്കായി എത്തിയത്. സർവ്വേ നടപടി പുരോഗമിക്കുന്നതിനിടെ സൗത്ത് പുത്തലം സ്വദേശി ബീരാൻ മാസ്റ്ററുടെ വീട്ട് വളപ്പിൽ കല്ല് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. തങ്ങളുടെ ഭൂമിയിലെ കല്ലിടൽ കുടുംബം തടഞ്ഞു. പകുതി സ്ഥലം ഏറ്റെടുക്കുന്നതിന് പകരം ഭൂമി പൂർണ്ണമായും ഏറ്റെടുത്ത് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ എതിർപ്പ് വകവെക്കാതെ അധികൃതർ നടപടിക്രമങ്ങൾ തുടർന്നതോടെ കുടുംബത്തോടൊപ്പം നാട്ടുകാർ കൂടി ചേർന്ന് പ്രതിഷേധം ശക്തമാക്കി. ഒടുവിൽ കുടുംബത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പാതയുടെ രണ്ടാംഘട്ട സർവേ ആണ് അരീക്കോട് വില്ലേജിൽ പുരോഗമിക്കുന്നത്.

അരീക്കോട് വില്ലേജിൽ 47 ഏക്കർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് പാതക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കാനുള്ള ഭൂമിയിൽ 45 മീറ്റർ വീതിയിൽ ഓരോ 50 മീറ്ററിലെ അതിരുകളിലാണ് സർവ്വേ നടത്തി കല്ലിടുന്നത്. പ്രതിഷേധം ശക്തമായാലും നടപടികൾ തുടരുമെന്നാണ് റവന്യു അധികൃതരുടെ നിലപാട്.  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News