മാമി തിരോധാന കേസ്: അന്വേഷണ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജിയെയും സ്ഥലംമാറ്റി
അന്വേഷണത്തിൽ അട്ടിമറി ആരോപിച്ച് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി-യേയും സ്ഥലംമാറ്റി.. അന്വേഷണത്തിന്‍റെ മേൽനോട്ടചുമതലയുണ്ടായിരുന്ന ഐജി പി.പ്രകാശിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിൽ അട്ടിമറി ആരോപിച്ച് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
മാമി തിരോധാനത്തിന്‍റെ അന്വേഷണ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഐജി പി പ്രകാശിനെ ക്രൈംബ്രാഞ്ചിൽ നിന്ന് തീരദേശ പൊലീസിലേക്കാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു.പ്രേമനെ നേരത്തേ കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാമി ആക്ഷൻ കമ്മിറ്റിയും കുടുംബവും പരാതിയുമായി രംഗത്തെത്തിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ബാഹ്യഇടപെടൽ നടക്കുന്നതായി ആശങ്കയുണ്ടെന്ന് ആക്ഷൻ കമ്മിറ്റിയും കുടുംബവും വ്യക്തമാക്കി.
അന്വേഷണം കഴിയുന്നതുവരെ ഉദ്യോഗസ്ഥരെ മാറ്റരുതെന്നും സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ആഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. കേസ് അന്വേഷണത്തെക്കുറിച്ച് ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.