കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: പ്രതിയായ സഹോദരന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; തിരച്ചില്‍ ഊര്‍ജിതം
പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു
കോഴിക്കോട്: തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ ഇളയ സഹോദരൻ പ്രമോദിനായുള്ള തിരച്ചിൽ തുടരുന്നു. ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.കൊലപാതകത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ പ്രമോദ് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം ഇവിടെ നിന്നും പോയ പ്രമോദിനെ പിന്നീട് കണ്ടെത്തിയിട്ടില്ല . ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്..
ചേവായൂരില്‍ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.