ഇന്ധനവില വര്‍ധനവിനെതിരേ സമരമല്ല നികുതിയിളവാണു വേണ്ടത്: കെ. സുധാകരന്‍

യു.പി.എ സര്‍ക്കാര്‍ വന്‍ തോതില്‍ സബ്സിഡി നല്‍കി ഇന്ധനവില നിയന്ത്രിച്ച് കേന്ദ്രം കാണുന്നില്ല. 2008ല്‍ യു.പി.എ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിര്‍ത്തിയത് സബ്സിഡി നല്‍കിയാണ്.

Update: 2021-06-29 10:18 GMT
Advertising

ഇന്ധനവില വര്‍ധനവിനെതിരെ എല്‍.ഡി.എഫ് പ്രക്ഷോഭം നടത്തുന്നതിന് പകരം ജനങ്ങള്‍ക്കു നികുതി ഇളവ് നല്‍കുകയാണ് ചെയ്യേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അതിനു തയ്യാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരത്തെ ജനം പുച്ഛിച്ചു തള്ളും.

ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു നികുതിയിനത്തില്‍ പിടിച്ചുവാങ്ങുന്നത് 22.71 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ജനം നട്ടംതിരിയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു പകരം ഖജനാവ് വീര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇരുവരുടെയും ശ്രദ്ധയെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ധനവില കൂടിയപ്പോള്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്‍കിയതിനു നേരെ പിണറായി സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. രാജസ്ഥാന്‍, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചതു കാണാനും ഇവര്‍ക്ക് കണ്ണില്ല. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തില്‍ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടി. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍ തോതില്‍ കുറയുമെങ്കിലും പിണറായി സര്‍ക്കാര്‍ അതിനും എതിരു നില്‍ക്കുന്നു.

യു.പി.എ സര്‍ക്കാര്‍ വന്‍ തോതില്‍ സബ്സിഡി നല്‍കി ഇന്ധനവില നിയന്ത്രിച്ച് കേന്ദ്രം കാണുന്നില്ല. 2008ല്‍ യു.പി.എ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിര്‍ത്തിയത് സബ്സിഡി നല്‍കിയാണ്. ഇപ്പോള്‍ അന്താരാഷ്ട്രവിപണയില്‍ ക്രൂഡിന് വില 74 ഡോളറായെങ്കിലും വില കുറയ്ക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന് ആനുപാതികമായി ഇന്ത്യയില്‍ വിലകൂട്ടുന്നില്ലെന്നും കോവിഡ് പ്രതിരോധത്തിനും ശൗചാലയ നിര്‍മ്മാണത്തിനും വേണ്ടിയാണ് ഇന്ധന നികുതിക്കൊള്ള നടത്തുന്നതെന്നും മറ്റും ന്യായീകരിച്ച് ഇവര്‍ സ്വയം വിഡ്ഢികളാകുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News