'മുറിയിൽ മറ്റൊരാളുണ്ടെങ്കിൽ വാതിൽ ശ്രദ്ധിച്ച് തുറന്നടയ്ക്കുന്ന,ഫോണിൽ ശബ്ദം താഴ്ത്തി സംസാരിക്കുന്ന മനുഷ്യരുള്ള ലോകം'; വൈറലായി കുറിപ്പ്
റോഡിൽ കാറിനും ബൈക്കിനും സ്ഥലം കൊടുത്ത് നടക്കുന്ന, വണ്ടിയോടിക്കുമ്പോൾ കാൽനടക്കാരെയും പുറകിൽ സൈഡിൽ വരുന്ന വണ്ടിക്കാരെയും മാനിച്ച് ഡ്രൈവ് ചെയ്യുന്ന
Photo| Sakal India Foundation
പറയാതെ, ആവശ്യപ്പെടാതെ എപ്പോഴെങ്കിലും ഒരാളുടെ ആവശ്യങ്ങളിലേക്ക് കടന്നുചെല്ലാറുണ്ടോ? വലിയ വലിയ ആവശ്യങ്ങളായിരിക്കില്ല...കുഞ്ഞു കുഞ്ഞു കാര്യങ്ങൾ..തിരക്കേറിയ ബസിൽ കുഞ്ഞുമായി നിൽക്കുന്ന ഒരമ്മക്ക് പറയാതെ സീറ്റ് കൊടുത്താൽ, പുതിയ ഇടത്തേക്ക് ആദ്യമായി എത്തുന്ന ഒരാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചാൽ...ചിലപ്പോൾ മരണം വരെ അവര്‍ നമ്മെ ഓര്‍ത്തിരിക്കുന്നത് ആ കുഞ്ഞു സഹായത്തിന്‍റെ പേരിലായിരിക്കും. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ചിലര്‍ക്ക് വലുതാകുന്നത് അങ്ങനെയാണ്.
മുറിയിൽ മറ്റൊരാളുണ്ടെങ്കിൽ വാതിൽ ശ്രദ്ധിച്ച് തുറന്നടയ്ക്കുന്ന, അടുത്തിരിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാവുമോ എന്ന് കരുതി വന്ന കോൾ അറ്റൻഡ് ചെയ്യാൻ പോലും മാറി നിൽക്കുന്ന/ശബ്ദം താഴ്ത്തി സംസാരിക്കുന്ന, സിഗററ്റ് വലിക്കുമ്പോൾ അത് മുന്നിലെ ആളുടെ മുഖത്തോ ചുറ്റിലോ ആവാതിരിക്കാൻ താഴേയ്ക്കോ സൈഡിലേയ്ക്കോ ഊതി വിടാൻ ശ്രദ്ധിക്കുന്ന, തിയറ്ററിൽ സീറ്റിൽ മറ്റേയാൾക്കും കൈ വയ്ക്കണമല്ലോ എന്നോർത്ത് കൈ ഒതുക്കി വയ്ക്കുന്ന ഒരു ലോകം എത്ര മനോഹരമാണല്ലേ...അത്തരമൊരു ലോകത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരനായ കൃഷ്ണ എഴുതിയ കുറിപ്പ് ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
മുറിയിൽ മറ്റൊരാളുണ്ടെങ്കിൽ വാതിൽ ശ്രദ്ധിച്ച് തുറന്നടയ്ക്കുന്ന, അടുത്തിരിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാവുമോ എന്ന് കരുതി വന്ന കോൾ അറ്റൻഡ് ചെയ്യാൻ പോലും മാറി നിൽക്കുന്ന/ശബ്ദം താഴ്ത്തി സംസാരിക്കുന്ന, സിഗററ്റ് വലിക്കുമ്പോൾ അത് മുന്നിലെ ആളുടെ മുഖത്തോ ചുറ്റിലോ ആവാതിരിക്കാൻ താഴേയ്ക്കോ സൈഡിലേയ്ക്കോ ഊതി വിടാൻ ശ്രദ്ധിക്കുന്ന, തിയറ്ററിൽ സീറ്റിൽ മറ്റേയാൾക്കും കൈ വയ്ക്കണമല്ലോ എന്നോർത്ത് കൈ ഒതുക്കി വയ്ക്കുന്ന, സീറ്റിളകുന്ന പോലെ കാലനക്കാത്ത, ട്രെയിനിലെ ബെർത്തിൽ ചെരുപ്പിട്ട് ചവിട്ടി കയറാത്ത, പബ്ലിക് ടോയിലറ്റിൽ അടുത്ത വരാൻ പോവുന്ന മനുഷ്യനെയോർത്ത് ടോയിലറ്റ് സീറ്റ് പൊക്കി വച്ച് മൂത്രമൊഴിക്കുന്ന, പബ്ലിക് സ്പെയ്സിൽ വച്ച് മിഠായി തിന്നാൽ അടുത്ത ഡസ്റ്റ്ബിൻ കാണുന്നതു വരെ റാപ്പർ പോക്കറ്റിലിടുന്ന കാലി ബോട്ടിൽ കയ്യിൽ പിടിക്കുന്ന,
റോഡിൽ കാറിനും ബൈക്കിനും സ്ഥലം കൊടുത്ത് നടക്കുന്ന, വണ്ടിയോടിക്കുമ്പോൾ കാൽനടക്കാരെയും പുറകിൽ സൈഡിൽ വരുന്ന വണ്ടിക്കാരെയും മാനിച്ച് ഡ്രൈവ് ചെയ്യുന്ന, പതുക്കെ പോവുകയാണെങ്കിൽ സൈഡ് കൊടുത്ത് പുറകിലുള്ളവരെ കയറ്റി വിടാൻ ബോധമുള്ള, ഒരാൾ ഒരു കാര്യത്തിൽ ബുദ്ധിമുട്ടുമ്പോൾ അസഹിഷ്ണുത കാണിക്കാത്ത, സ്വന്തം ഇമോഷൻസിനേയും ഈഗോ ലോജിക്കിനേയും കണ്ട്രോൾ ചെയ്ത് അയാളുടെ ബാഡ് ഡേ കൂടുതൽ മോശമാക്കാത്ത,
വരിയിൽ നിൽക്കുമ്പോൾ മുന്നിലെ ആളുടെ ശരീരത്തിൽ തട്ടാതെ സ്പെയ്സിട്ട് നിൽക്കുന്ന, ബസ്സിൽ സീറ്റിലിരിക്കുന്ന ആളുടെ ശരീരത്തിൽ തട്ടും പോലെ ചാരി നിൽക്കാത്ത, വെള്ളമുള്ള റോഡിലൂടെ പോവുമ്പോൾ സൈഡിലുള്ളവരുടെ ശരീരത്തിൽ തെറിപ്പിക്കാതെ സ്ലോ ചെയ്യുന്ന, മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ വാഷ് ബെയ്സിനിൽ കാർക്കിച്ച് തുപ്പാത്ത, ആഞ്ഞ് മൂക്ക് ചീറ്റാത്ത, തിക്കും തിരക്കിനുമിടയിൽ പോവേണ്ട സമയത്ത് മൈൽഡ് പെർഫ്യൂം ഉപയോഗിക്കുന്ന, ക്ലോസറ്റിൽ വീണു പോയ പ്രാണിയെ ബാത്ത്റൂം ബ്രഷ് കൊണ്ട് പുറത്തു വിട്ടിട്ട് മാത്രം ഫ്ലഷ് ചെയ്യുന്ന,
മറ്റൊരാളുടെ ഡ്രസ്സോ വണ്ടിയോ കടം വാങ്ങിയാൽ ഡ്രസ്സ് കറയാവാതെ ശ്രദ്ധിക്കുന്ന, വണ്ടിയുടെ ഗിയർ സ്മൂത്തായി മാത്രം മാറ്റാൻ ശ്രദ്ധിക്കുന്ന, കടം വാങ്ങിയ പൈസ സമയത്തിന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ, പറഞ്ഞ ഡെയ്റ്റിന് മുന്നേ അത് വിളിച്ച് പൊളൈറ്റായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, നമ്മൾ ഏറ്റ കാര്യത്തിൽ, ഏൽപ്പിച്ച മനുഷ്യനെ നടത്തിക്കാനോ ബുദ്ധിമുട്ടിക്കാനോ നിൽക്കാതെ റെസ്പക്റ്റ്ഫുള്ളാവുന്ന,ചുറ്റുപാടിനോട് സെൻസിറ്റീവായ, സെൻസിബിളായ മനുഷ്യരെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
You make the world more softer.. വാക്കുകൾ കൊണ്ടുള്ള തള്ളൊന്നുമില്ലെങ്കിലും your existence itself is political and kinder for the world.. സ്വന്തം സൗകര്യത്തേക്കാൾ മറ്റൊരാളുടെ സൗകര്യം കൂടി പ്രവൃത്തിയിൽ പരിഗണിക്കുന്നതാണ് ജനാധിപത്യ ബോധം. എപ്പോഴും അങ്ങനെ പറ്റിയെന്ന് വരില്ല - അറിഞ്ഞോ അറിയാതെയോ ചിലപ്പോൾ തെറ്റുകൾ പറ്റാം, still അതിനു വേണ്ടി ശ്രമിച്ച് കൊണ്ടേയിരിക്കുന്നവരാണ് ലോകത്തെ നല്ലൊരു ഇടമായി നിലനിർത്തുന്നത്.