ഭരണത്തിലും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിലും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല: ലാറ്റിൻ കാത്തലിക് കൗൺസിൽ

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു.

Update: 2025-07-13 14:58 GMT

കൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ആവർത്തിച്ചുന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് സർക്കാർ പുലർത്തുന്ന നിസംഗതയിലും നിഷേധാന്മക സമീപനത്തിലും കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

ജനാധികാരം നിർവഹിക്കപ്പെടുന്ന ഭരണ സംവിധാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും ലത്തീൻ കത്തോലിക്കർക്ക് അർഹമായ പ്രാതിനിധ്യം ഇനിയും ഉണ്ടായിട്ടില്ല. ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, കെആർഎൽസിസി സുവ്യക്തമായ രാഷ്ട്രീയ സമീപനം സ്വീകരിക്കും. ഇതിനായി സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും നടത്തിവരുന്ന മുന്നൊരുക്കം ഊർജിതമാക്കാന് കാത്തലിക് കൗൺസിൽ തീരുമാനിച്ചു. തീരദേശം നിരന്തരമായി അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും കാത്തലിക്ക് കൗൺസിൽ സമ്മേളനം തീരുമാനിച്ചു.

Advertising
Advertising

ലത്തീന് കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കണമെന്ന് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടിട്ടില്ല. നാടാർ ക്രൈസ്തവരെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം അനുവദിച്ച ഉത്തരവിലെ അവ്യക്തത പരിഹരിക്കണമെന്ന ആവശ്യവും സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ പ്രത്യക്ഷസമരപരിപാടികൾ തുടക്കം കുറിക്കാനും സമ്മേളനം തീരുമാനിച്ചു.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്. കമ്മീഷന്റെ കണ്ടെത്തലുകളും ശിപാർശകളും അടിയന്തരമായി പ്രസിദ്ധികരിക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശത്തിനുമേൽ കടന്നുകയറാനുള്ള സർക്കാർ ശ്രമങ്ങളെ സമ്മേളനം അപലപിച്ചു. ഈശ്വര പ്രാർഥനയുടെ പേരിലും പള്ളിക്കൂടങ്ങളിലെ മതചിഹ്നങ്ങളുടെ പേരിലും വിദ്യാഭ്യാസ മന്ത്രി നടത്തിയ നീരീക്ഷണങ്ങൾ ഏറെ ആശങ്ക വളർത്തുന്നതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News