'സൂപ്പർ താരങ്ങൾ സിഎമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ'; മുഖ്യമന്ത്രിയുടെ കാറുമാറ്റത്തിൽ കെ.എസ് ശബരീനാഥൻ

"കെഎസ്ആർടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?"

Update: 2022-06-26 06:20 GMT
Editor : abs | By : abs
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക യാത്രകൾക്കായി പുതിയ കാർ വാങ്ങാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ. ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുമ്പിൽ തോറ്റുപോകുമല്ലോ എന്നാണ് ശബരീനാഥന്റെ പരിഹാസം. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവൾ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും 88,69,841 രൂപ മാത്രം..

കെഎസ്ആർടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ!

എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിഎമ്മിന്റെ മുന്നിൽ തോറ്റു പോകുമല്ലോ, അതു മതി.

മുഖ്യമന്ത്രിയുടെ പുതിയ വാഹനം

പുതുപുത്തൻ കിയാ കാർണിവലിലാകും ഇനി മുഖ്യമന്ത്രിയുടെ യാത്ര. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. പുതിയ വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി.

മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽവാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടി.

ഡി.ജി.പിയുടെ ശുപാർശ വിശദമായി പരിശോധിച്ച സർക്കാർ, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ പുതുക്കിയ അനുമതി നൽകി. എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വടക്കൻ ജില്ലകളിലെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തിയും ഉത്തരവിറക്കി.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News