വൈദ്യുതിക്കായി നെട്ടോട്ടം; കടുത്ത പ്രതിസന്ധിയില്‍ കെ.എസ്.ഇ.ബി

ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്

Update: 2023-07-04 01:27 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ നെട്ടോട്ടമോടി കെ.എസ്.ഇ.ബി. ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതോടെ പുതിയ കരാറുകള്‍ക്കായി വൈദ്യുതി ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചു. എന്നാല്‍, യൂനിറ്റിന് അഞ്ചുരൂപയ്ക്കു താഴെ ആരെങ്കിലും വൈദ്യുതി തരുന്ന കാര്യം സംശയകരമാണെന്ന് കെ.എസ്.ഇ.ബിക്ക് തന്നെ ബോധ്യമുണ്ട്.

25 വര്‍ഷത്തേക്കുള്ള 465 മെഗാവാട്ടിന്‍റെ മൂന്ന് കരാറുകള്‍ സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി മെയ് മാസത്തിലാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്. ജാബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ യൂനിറ്റിന് നാലു രൂപ 26 പൈസക്കാണ് സംസ്ഥാനത്തിന് വൈദ്യുതി നല്‍കിയിരുന്നത്. കരാര്‍ റദ്ദായതോടെ കമ്പനികള്‍ വൈദ്യുതി വിതരണം നിര്‍ത്തിയെന്നു മാത്രമല്ല ഇനി വാങ്ങണമെങ്കില്‍ ഉയര്‍ന്ന തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Advertising
Advertising

ആകെ പ്രതിസന്ധിയിലായ കെ.എസ്.ഇ.ബി പവര്‍ എക്സ്ചേഞ്ചില്‍നിന്ന് യൂണിറ്റിന് എട്ടു മുതല്‍ 12 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങി പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 75 ദിവസം കൂടി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചതോടെയാണ് താത്കാലിക ആശ്വാസമായത്. ഇത് ആഗസ്റ്റ് വരെ മാത്രമേ ഉണ്ടാകൂ. അടുത്ത വര്‍ഷം ജൂലൈ വരെ 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന ഒരു ഹ്രസ്വകരാറിന് കെ.എസ്.ഇ.ബി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. അതോടൊപ്പം അഞ്ചു വര്‍ഷത്തേക്കുള്ള 500 മെഗാവാട്ടിന്‍റെ മറ്റൊരു ടെണ്ടറും ക്ഷണിച്ചു.

എന്നാല്‍, ഇനി ഒരിക്കലും യൂനിറ്റിന് അഞ്ചുരൂപയ്ക്കു താഴെ വിലയ്ക്ക് വൈദ്യുതി നല്‍കാന്‍ ഏതെങ്കിലും വിതരണ കമ്പനികള്‍ മുന്നോട്ട് വരുമോയെന്നതാണ് ചോദ്യം. കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന ഏത് അധിക സാമ്പത്തികബാധ്യതയും ജനത്തിന്‍റെ പോക്കറ്റ് ചോര്‍ത്തുന്നതാകുമെന്നുറപ്പാണ്.

Summary: With the Regulatory Commission canceling long-term power contracts, the Kerala Electricity Board(KSEB) has invited tenders for new contracts to overcome the energy crisis in the state

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News