''കുട്ടിക്ക് പരാതിയുണ്ടോ? എങ്കിൽ ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ''; കയ്യടി നേടി കെഎസ്ആർടിസി കണ്ടക്ടർ

''യാത്രക്കാർ ആരും പ്രതികരിച്ചില്ല.. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്''

Update: 2023-05-18 12:27 GMT

കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവിനെതിരെ പ്രതികരിച്ച യുവതിയെ പോലെ തന്നെ ഏറെ കയ്യടി നേടുകയാണ് ബസിലെ കണ്ടക്ടറായ പ്രദീപും. യുവാവിനെതിരെ പരാതി ഉന്നയിച്ചതോടെ കണ്ടക്ടറും ഡ്രൈവറായ ജോഷിയും യുവതിക്കൊപ്പം നിൽക്കുകയായിരുന്നു.

കുട്ടിക്ക് പരാതിയുണ്ടോ? എങ്കിൽ ഡോറ് തുറക്കേണ്ട, ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. പെൺകുട്ടി പരാതി ഉന്നയിച്ചതോടെ പൊലീസിൽ വിവരം അറിയിക്കുകയും ഡോറ് തുറന്ന ഉടനെ ഇറങ്ങി ഓടിയ പ്രതിയെ താനും ഡ്രൈവറും പിന്നാലെ ഓടി പിടികൂടി പൊലീസിൽ ഏൽപ്പിക്കുയായിരുന്നു എന്നും പ്രദീപ് മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

''ബസിൽ അത്യാവശ്യം തെരക്കുണ്ടായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റു വന്നത്. ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. യുവാവിനോട് ചോദിച്ചപ്പോൾ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത് പൊലീസ് ഉണ്ടെന്നും പൊലീസിൽ വിവരമറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് ബസ് സൈഡാക്കി. ശേഷം ഡോറ് തുറന്ന ഉടനെ ഇയാൾ എന്നെ തട്ടിമാറ്റി കുതറി ഓടി. കോളറിൽ പിടിച്ചെങ്കിലും റോഡ് മുറിച്ച് കടന്ന് പ്രതി ഓടി. പിന്നാലെ ഞാനും ഡ്രൈവർ ജോഷിയും ചെന്ന് അയാളെ കീഴ്‌പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.''

Full View

അതേ സമയം യാത്രക്കാർ ആരും പ്രതികരിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും പ്രദീപ് പറഞ്ഞു.

''ആരും പ്രതികരിച്ചില്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. പെൺകുട്ടി ഉച്ചത്തില്‍ പ്രതികരിച്ചു. എന്നിട്ടും ആരും അനങ്ങിയില്ല. ആ പെൺകുട്ടിയുടെ പ്രതികരണമാണ് ന​ഗ്നത പ്രദർശിപ്പിച്ച പ്രതിയെ പിടിക്കാൻ സഹായിച്ചത്''

തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് യുവതിക്കെതിരെ കോഴിക്കോട് സ്വദേശിയായ സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. നെടുന്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. നിയമനടപടിയുമായ മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News