'എന്റെ കയ്യിലുള്ളത് രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപ, മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്; കുറിപ്പുമായി കെ.ടി ജലീല്‍

'പിതൃ വാത്സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല'

Update: 2021-04-14 09:53 GMT

പത്തു വർഷത്തെ എം.എല്‍.എ ശമ്പളവും അഞ്ചു വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണെന്ന് കെടി ജലീല്‍. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജലീല്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാർഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയതെന്നും ജലീല്‍ പറയുന്നു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ന്ദി നന്ദി നന്ദി.....

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സർക്കാരിൻ്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എൻ്റെ കയ്യിൽ പറ്റാതത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ട് എന്ന കൃതാർത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്കത് പരസ്യമായി പറയാം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാർഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാൻ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എൻ്റെ പേഴ്സണൽ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവർത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ പല പരിഷ്കാരങ്ങളും നിയമ നിർമ്മാണങ്ങളും യാഥാർത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും വാക്കുകൾക്കതീതമാകയാൽ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.

ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ പരമാവധി ഉപകാരം ജനങ്ങൾക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിൻ്റെ നൂലാമാലകളിൽ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ സദയം പൊറുത്താലും.

എൻ്റെ നിയോജക മണ്ഡലത്തിലേതുൾപ്പെടെ ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിൻ്റെ മണിച്ചെപ്പിൽ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അൽപം വൈകിയെങ്കിലും എല്ലാവർക്കും വിഷുദിനാശംസകൾ നേരുന്നു

Full View

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News