'എനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി ,അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ല';തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്
''ദീപാദാസ് മുൻഷിക്കോ, കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ, പ്രയത്‌നിച്ചവരെക്കുറിച്ചോ,കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്''
തൃശ്ശൂർ: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് ലാലി ജെയിംസ്. രാവിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർ -ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് ലാലി ജെയിംസ് കൈപറ്റിയില്ല. മറ്റു കൗൺസിലർമാർ ഇന്നലെ വൈകുന്നേരത്തോടുകൂടി ഡിസിസിയിൽ നിന്ന് വിപ്പ് കൈപ്പറ്റിയിരുന്നു.മുൻ പരിചയം ഇല്ലാത്ത ഡോ.നിജി ജസ്റ്റിനെ മേയർ സ്ഥാനാർഥിയാക്കിയതിലാണ് പ്രതിഷേധം.
ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് തന്‍റെ പേര് ഉയര്‍ന്നിരുന്നെങ്കിലും അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ലെന്ന് ലാലി മാധ്യമങ്ങളോട് പറഞ്ഞു. ' മേയർ പദവി എനിക്ക് അർഹതപ്പെട്ടതാണെന്ന് എനിക്കും ജനങ്ങൾക്കും അറിയാം.തൃശൂർ നഗരത്തിൽ മേയർ ആരാകണമെന്ന് ഒരു സർവേ നടത്തിയാൽ ഞാൻ തന്നെയാകും മുന്നിൽ. എനിക്ക് വലുത് പാർട്ടിയാണ്.മേയര്‍ പദവി തീരുമാനിക്കുന്നതില്‍ കേന്ദ്ര,കേരള ഇടപെടലുണ്ടായതെന്ന് പറയുന്നു. ദീപാദാസ് മുൻഷിക്കോ,കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ, പ്രയത്‌നിച്ചവരെക്കുറിച്ചോ,കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്.മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയെ അംഗീകരിക്കുന്നില്ല.അഞ്ചുവർഷവും ഒരാൾ തന്നെ ഭരിക്കണം. മേയറായി അഡ്വ.സുബി ബാബു വരട്ടെ.ഇനി മേയറാകാനോ സ്റ്റാൻഡിങ് കമ്മിറ്റിയാകാനോ മറ്റേതെങ്കിലും പദവിയിലേക്കോ ഇനി ഞാനില്ല.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ല. എന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും..'ലാലി പറഞ്ഞു.
അതിനിടെ, മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ലാലിയെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. തർക്കങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷനിൽ ഡോ. നിജി ജസ്റ്റിനെ മേയറായും എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും യുഡിഫ് പ്രഖ്യാപിച്ചിരുന്നു. 33 അംഗങ്ങളുള്ള കോൺഗ്രസിന് 56 അംഗ കോർപ്പറേഷനിൽ ലഭിച്ചത് വലിയ ഭൂരിപക്ഷമാണ്. അതേസമയം, മേയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പ്രതിപക്ഷമായ എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. കോർപ്പറേഷൻ കമ്മറ്റി യോഗം ചേർന്ന് ഇന്ന് രാവിലെ മേയർ ,ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഇരുമുന്നണികളും അറിയിച്ചു.
പത്തു വർഷത്തിനുശേഷം എൽഡിഎഫിന് ഭരണം നഷ്ടമായ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 33 , എൽഡിഎഫ് 13 , എൻഡിഎ 8 എന്നിങ്ങനെയാണ് മുന്നണികൾ സീറ്റുകളിൽ വിജയിച്ചത്. കുന്നംകുളം മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിലെ സൗമ്യ അനിലൻ ചെയർപേഴ്സൺ ആവും. കൊടുങ്ങല്ലൂരിൽ സിപിഐയിലെ ഹണി പീതാംബരനും, ചാവക്കാട് എച്ച് അക്ബറും, ഇരിഞ്ഞാലക്കുടിയിൽ എംപി ജാക്സണും ചെയർമാനാകും.