ഇരകളോടുള്ള സർക്കാർ സമീപനത്തിൽ ഗുരുതര വീഴ്ച; വയനാട് ദുരന്തബാധിതർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ ഇന്ന് എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

Update: 2025-02-24 02:43 GMT
Editor : സനു ഹദീബ | By : Web Desk

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ ഇന്ന് വയനാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും. ദുരന്തബാധിതരുടെ ജനകീയ സമിതിയാണ് ഉപവാസം നടത്തുന്നത്. പുനരധിവാസമടക്കം ഇരകളോടുള്ള സർക്കാർ സമീപനത്തിൽ ഗുരുതര വീഴ്ചയാരോപിച്ചാണ് ദുരന്ത ബാധിതരുടെ കൂട്ടായ്മ സമരത്തിനൊരുങ്ങുന്നത്.

പുനരധിവസിപ്പിക്കേണ്ടവരുടെ പൂർണ ലിസ്‌റ്റ് പ്രസിദ്ധികരിച്ച് വീടുകളുടെ നിർമാണം ഉടൻ തുടങ്ങുക, അഞ്ച് സെന്റ് സ്ഥ‌ലം എന്നതിന് പകരം മുൻവാഗ്‌ദാനമായ 10 സെന്റ് ഭൂമി തന്നെ അനുവദിക്കുക, തുടർചികിൽസ ലഭ്യമാക്കുക, കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10 മണിക്കാണ് ഉപവാസം തുടങ്ങുക. ഇന്നലെ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ കുടിൽ കെട്ടി സമരം നടത്തിയിരുന്നു.

Advertising
Advertising

അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ ഇന്ന് എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മണിയോടെ കേരള ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ സമരം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.വയനാട്ടിലെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2,000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം ദുരന്തബാധിതർ ഉൾപ്പെടെ 165 പേർ സമരത്തിൽ പങ്കെടുക്കും.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News