ഊർജസ്വലനായ നേതാവ്, നഷ്‌ടമായത്‌ ഭാവി വാഗ്‌ദാനത്തെ; സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

'അടിമുടി കോണ്‍ഗ്രസുകാരനും തികഞ്ഞൊരു പോരാളിയുമായിരുന്നു പാച്ചേനി'

Update: 2022-10-27 07:09 GMT
Editor : banuisahak | By : Web Desk

കണ്ണൂർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ. ഊർജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നുവെന്ന് പി ജയരാജൻ ഓർമിച്ചു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയെന്നാണ് എകെ ആന്റണിയുടെ പ്രതികരണം. നിസ്വാർത്ഥമായ പ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും അനുശോചിച്ചു. 

ഏറെ വികാരഭരിതമായ കുറിപ്പാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം പങ്കുവെച്ചത്.  ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലേയും വലിയ പ്രതിസന്ധികൾക്കിടയിലും നിഷ്ക്കളങ്കമായ മനസ്സും ആത്മാർത്ഥമായ സമീപനവും പ്രതിബദ്ധതയോടെയുള്ള രാഷ്ട്രീയ ഇടപെടലുകളും മുഖമുദ്രയാക്കിയ ആ വലിയ മനുഷ്യന്റെ വേർപാട് അങ്ങേയറ്റം ദുഃഖകരമാണ്. കോൺഗ്രസ് പ്രസ്ഥാനത്തിനും നമ്മുടെ പൊതുരംഗത്തിനും ഇതൊരു തീരാനഷ്ടമാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 

Advertising
Advertising

'അടിമുടി കോണ്‍ഗ്രസുകാരനും തികഞ്ഞൊരു പോരാളിയുമായിരുന്നു പാച്ചേനി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എക്കാലവും നിന്ന പാച്ചേനി കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കരുത്തായിരുന്നു. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായിരിക്കെ പാര്‍ട്ടി ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന് വേണ്ടി സ്വന്തം വീടിന്റെ ആധാരം പണയം വച്ച് പണം കണ്ടെത്താന്‍ പോലും അദ്ദേഹം മടി കാട്ടിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് ജീവവായുവായിരുന്നു. പാര്‍ട്ടിക്ക് പാച്ചേനിയോടുള്ള കടപ്പാടും തീര്‍ത്താല്‍ തീരാത്തതാണ്'; പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

Full View

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സതീശൻ പാച്ചേനിയുടെ (54) അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു. 

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്, കെ.പി.സി.സി ജോ. സെക്രട്ടറി, കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും നിയമ നിയമ സഭയിലേക്ക് മത്സരിച്ചു. പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശ മുഖത്തെയാണ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തോടെ നഷ്ടമാകുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News