Writer - അൻഫസ് കൊണ്ടോട്ടി
anfas123
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായില്ല. കണ്ണൂർ കോർപറേഷനിലാണ് യുഡിഎഫിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നത്. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ കൂടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. അധിക സീറ്റിൽ കോൺഗ്രസ്- ലീഗ് ചർച്ച തുടരും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 ഇടങ്ങളിലാണ് കണ്ണൂർ കോർപറേഷനിൽ മുസ്‌ലിം ലീഗ് മത്സരിച്ചിരുന്നത്. ഇതിൽ 14 സീറ്റുകളിലും വിജയിക്കുകയും ചെയ്തു. ഇത്തവണ 22 സീറ്റുകളായി ഉയർത്തണമെന്നാണ് ലീഗിന്റെ ആവശ്യം. ധാരണയാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഘട്ടങ്ങളിലായി ലീഗ്- കോൺഗ്രസ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ രണ്ട് ചർച്ചകളിലും തീരുമാനമുണ്ടായില്ല. രണ്ട് ഡിവിഷനുകൾ ലീഗിന് നൽകുന്നതിന് കോൺഗ്രസിന് സമ്മതമാണെങ്കിലും ഏതൊക്കെയാണ് നൽകുകയെന്നതിലാണ് ധാരണയാകാനുള്ളത്.
ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും മുസ്‌ലിം ലീഗിന്റേതെന്നാണ് കോൺഗ്രസിന്റെ പരസ്യപ്രതികരണം. യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായിരുന്ന കണ്ണൂർ കോർപറേഷനിൽ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തത് മുന്നണിക്കകത്ത് ആശങ്കയുണർത്തുന്നുണ്ട്.