ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമനിർമ്മാണം ഉടൻ

ഡിസംബർ ആദ്യവാരം നിയമസഭാ സമ്മേളനം ചേരും

Update: 2022-11-09 00:46 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമനിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ നീക്കം. നിയമ നിർമ്മാണത്തിനായി ഡിസംബർ ആദ്യവാരം നിയമസഭാ സമ്മേളനം ചേരാനാണ് സർക്കാർ തലത്തിലെ ആലോചന. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്‌തേക്കും. ഫാലി എസ് നരി മാനടക്കമുള്ള രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാർ നിയമ നിർമാണത്തിലേക്ക് കടക്കുക. അന്ധവിശ്വാസം തടയൽ ബില്ലടക്കമുള്ളവയും ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ച പാസാക്കാനാണ് ആലോചന.

അതേസമയം, വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തൽക്കാലികമായി ഹൈക്കോടതി തടഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹരജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹരജിയില്‍ ഹൈക്കോടതി ചാൻസലർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Advertising
Advertising

ഗവർണറുടെ നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു ഇന്നലെ രാജിവെച്ചിരുന്നു. വി.സിമാർക്കെതിരായ ഹരജിയിൽ ഇന്നും ചാൻസലറെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിൽ വാദിച്ചയാളാണ് ജാജു ബാബു ഗവർണർക്കു കൂടി അറിയാവുന്ന കാര്യമായതിനാൽ രാജി നൽകുന്നുവെന്ന് കത്തിൽ അറിയിച്ചു. 2009 ഫ്രെബുവരി ആറ് മുതല്‍ ജാജു ബാബു ഗവർണറുടെ നിയമോപദേശകൻ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രിന്‍സിപ്പ ല്‍ സെക്രട്ടറിക്കും രാജ്ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ജാജു രാജി സമര്‍പ്പിച്ചത്. ജാജു ബാബുവിന്‍റെ ഭാര്യയും കേരള സർവകലാശാലയുടെ ചാൻസലറുടെ സ്റ്റാൻഡിങ് കൗൺസിലർ എം.യു വിജയലക്ഷ്മിയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സർക്കാർ നിർദേശപ്രകാരമാണ് ഇരുവരും രാജി നൽകിയത്. ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് അഭിഭാഷകരെ പിന്‍വലിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News