ദേശീയ കായിക ദിനം: 'ലെറ്റ്സ് പ്ലേ' ഗാനം 29ന് റിലീസ് ചെയ്യും
മലയാളത്തിൽ ആദ്യമായി ദേശീയ കായിക ദിനത്തിൽ പുറത്തിറക്കുന്ന ഗാനം എന്നതും 'ലെറ്റ്സ് പ്ലേ' ഗാനത്തിന്റെ പ്രത്യേകതയാണ്.
കോഴിക്കോട്: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായകൻ വിനീത് ശ്രീനിവാസൻ ആലപിച്ച 'ലെറ്റ്സ് പ്ലേ' ഗാനം ആഗസ്റ്റ് 29 ദേശീയ കായിക ദിനത്തിൽ റിലീസ് ചെയ്യും. കേരള ഫുട്ബാൾ ട്രെയിനിങ് സെന്റർ ചെയർമാനും, ബി.എസ്.എൻ.എൽ ദേശീയ ഫുട്‌ബോൾ താരവുമായ പ്രസാദ് വി. ഹരിദാസൻ വരികൾ എഴുതി സംവിധാനം ചെയ്ത ഗാനം കളിയിടങ്ങളും പൊതുഇടങ്ങളും സംരക്ഷിക്കപ്പെടുന്നതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്ന ആശയങ്ങൾ പകരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ആദ്യമായി ദേശീയ കായിക ദിനത്തിൽ പുറത്തിറക്കുന്ന ഗാനം എന്നതും 'ലെറ്റ്സ് പ്ലേ' ഗാനത്തിന്റെ പ്രത്യേകതയാണ്. 29ന് പീവീസ് മീഡിയ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് സുബോധ് കോഴിക്കോട് ആണ്. അസ്ലം പള്ളിമാലിൽ നിർമിച്ച ഗാനത്തിന്റെ തിരക്കഥയും പ്രൊഡക്ഷൻ ഡിസൈനിങ്ങും നിർവഹിച്ചത് മോൻടൻ ആണ്. ക്രിയേറ്റീവ് ഡയരക്ടർ അമേഷ്, ഛായാഗ്രഹണം ഷാഫി കോറോത്ത്, മിക്‌സിങ് ആൻഡ് മാസ്റ്ററിങ് : പ്രവിജ് പ്രഭാകർ, സൗണ്ട് ഡിസൈൻ : ആനന്ദ് രാമചന്ദ്രൻ, എഡിറ്റിങ് ഹരി ജി നായർ, ഇംഗ്ലീഷ് വരികൾ: ഹരിദാസ് പറക്കാട്ട്, പ്രൊഡക്ഷൻ കൺട്രോളർ റാഫി എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.