എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളും; എന്‍സിസി,എന്‍എസ്എസ് വളണ്ടിയര്‍മാരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകൾക്ക് കത്ത്‌

എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്

Update: 2025-11-25 02:12 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്.

ഈ മാസം 30വരെ എന്‍സിസി,എന്‍എസ്എസ്  വളണ്ടിയര്‍മാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.

എസ്ഐആര്‍ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.  അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാര്‍ തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയിരുന്നു. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ജോലിഭാരത്തില്‍ പലയിടങ്ങളിലും ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരുടെ സങ്കട ഹരജി. ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News