ഷാബാ ശരീഫ് വധക്കേസ് : റിട്ട. എസ്ഐ സുന്ദരനെ വയനാട്ടിലെത്തിച്ച് തെളിവെടുത്തു
കേസില്‍ പ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളിയായിരുന്നു എസ് ഐ സുന്ദരൻ
വയനാട്: പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് വധക്കേസിൽ റിട്ട. എസ് ഐ സുന്ദരനെ വയനാട്ടിലെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നിലമ്പൂർ പൊലീസ് സുന്ദരനെ വയനാട്ടിലെത്തിച്ചത്. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വലംകൈയ്യായി പ്രവർത്തിച്ചത് സുന്ദരനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സുന്ദരൻ അവസാനമായി ജോലി ചെയ്ത അമ്പലവയൽ സ്റ്റേഷനിലെത്തിച്ചാണ് അന്വേഷണ സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. ശേഷം വയനാട് കോളേരിയിലെ സ്വന്തം വീട്ടിലും ഷൈബിൻ അഷ്റഫിന്റെ വിവിധ വീടുകളിലും പൊലീസ് സുന്ദരനെ കൊണ്ടുപോയി.ദീപേഷ് വധശ്രമക്കേസിൽ ഷൈബിന് വേണ്ടി ഒത്തുതീർപ്പ് ചർച്ച നടത്തിയതും വിവിധ കേസുകളിൽ ഷൈബിന് നിയമസഹായം നൽകിയതും സുന്ദരനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സുന്ദരന്റെ ഭാര്യയും മക്കളും ഫോണെടുക്കാത്തതിനാലും വീട് പുറമെനിന്ന് പൂട്ടിയ നിലയിലായതിനാലും കോളേരിയിലെ വീട്ടിൽ കയറിയുള്ള പരിശോധന പൊലീസിന് പൂർത്തിയാക്കാനായില്ല.