'താത്കാലിക ആശ്വാസം, ഇനിയും ആനകൾ ഇഷ്ടം പോലെയുണ്ട്'; പി.ടി 7 ആനയെ പിടിച്ചതിൽ നാട്ടുകാർ

ഉൾക്കാട്ടിലുള്ള ആനയെ കൊണ്ടുപോകാനുള്ള വാഹനത്തിന് വഴിയൊരുക്കുകയാണിപ്പോൾ ചെയ്യുന്നത്

Update: 2023-01-22 04:48 GMT
Advertising

പാലക്കാട്: ധോണി മേഖലയിൽ ഭീതി വിതച്ച പി.ടി 7 (പാലക്കാട് ടസ്‌കർ ഏഴാമൻ) ആനയെ മയക്കുവെടി വെച്ച് പിടികൂടിയത് ആശ്വാസകരമായെന്ന് നാട്ടുകാർ. ഉപദ്രവം സൃഷ്ടിച്ചിരുന്ന ആനയെ പിടികൂടിയത് ആശ്വാസകരമാണെന്നും എന്നാൽ ഇതല്ലാതെയും വേറെയും ആനകൾ പ്രദേശത്തുണ്ടെന്നും കോർമയിലെ നാട്ടുകാർ പറഞ്ഞു. രണ്ട് ആനകളെ ഇന്ന് രാവിലെയും വയലിൽ നിന്ന് ഓടിച്ചുവിട്ടിരുന്നുവെന്ന് ഒരാൾ പറഞ്ഞു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്. ഉൾക്കാട്ടിലുള്ള ആനയെ കൊണ്ടുപോകാനുള്ള വാഹനത്തിന് പ്രദേശത്തെത്താൻ റോഡില്ല. അതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് വഴിയൊരുക്കുകയാണിപ്പോൾ ചെയ്യുന്നത്. വഴിയൊരുക്കുന്നതിനായി മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നും അധികൃതർ പറയുന്നുണ്ട്. ആനയെ മയക്കുവെടി വെക്കുന്നതായിരുന്നു ദൗത്യത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ ആനയെ കൂട്ടിലാക്കി വാഹനത്തിൽ കയറ്റുകയെന്നതാണ്. ഇനി ചെയ്യാനുള്ളത് ഇക്കാര്യമാണ്.

മയക്കുവെടി വെച്ചാൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയാണ് ആന മയങ്ങിവീഴാനുള്ള സമയം. ഇതിനു ശേഷം ആനയെ കൂട്ടിലാക്കും. ഇതിനായുള്ള സംഘവും ഉൾക്കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംഘത്തോടൊപ്പം വിക്രമൻ, ഭരതൻ എന്നിവയടക്കം മൂന്നു കുങ്കിയാനകളും വനത്തിലേക്ക് പോയിട്ടുണ്ട്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.

ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ്. ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. വർഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോൾ മയക്കുവെടി വെച്ചിരിക്കുന്നത്.

ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News