കോവിഡ് വ്യാപനം അതിരൂക്ഷം: ലോക്ക് ഡൗൺ നീട്ടിയേക്കും

അടുത്ത രണ്ട് ദിവസത്തെ രോഗ നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക

Update: 2021-05-13 07:46 GMT

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ നീട്ടിയേക്കും. അടുത്ത രണ്ട് ദിവസത്തെ രോഗ നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണസംഖ്യയിലും ഇതുവരെയില്ലാത്ത വർദ്ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ലോക്ക്ഡൌണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. നീട്ടിയാല്‍ സാമ്പത്തിക മേഖലയിലടക്കം ഉണ്ടാകുന്ന പ്രതിസന്ധിയും ചെറുതല്ല. പിടിച്ചുനില്‍ക്കാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടും. പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളില്‍ മാത്രം ലോക്ക്ഡൌണും മറ്റിടങ്ങളില്‍ നിയന്ത്രണവും മതിയെന്ന വാദവും ഉയരുന്നുണ്ട്. അടുത്ത രണ്ടു ദിവസത്തെ കോവിഡ് കണക്ക് നിര്‍ണ്ണായകമാണ്. രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ 16ന് ശേഷവും ലോക്ക്ഡൌണ്‍ നീട്ടേണ്ടിവരും.

നാല് ലക്ഷത്തിനു പുറത്താണ് ഇപ്പോള്‍ രോഗികളുടെ എണ്ണം. ഇത് 6 ലക്ഷം വരെ ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം. സമ്പൂര്‍ണ്ണ അടച്ചിടല്‍ ഫലപ്രദമായോ എന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം ലോക്ക് ഡൌണ്‍ ആറാം ദിനത്തിലും ശാന്തമാണ്. അടിയന്തര യാത്രക്ക് പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെ ലഭിച്ച അപേക്ഷകളും പൊലീസിനു ലഭിച്ചു തുടങ്ങി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News