ബലാത്സംഗ പരാതി; റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

Update: 2025-08-11 07:28 GMT
Editor : Lissy P | By : Web Desk

കൊച്ചി: ബലാത്സംഗ പരാതിയില്‍  റാപ്പർ വേടനെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കിയത്. വേടനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെടുത്തു.

ലുക്കൗട്ട്‌ നോട്ടീസ് പുറത്തിറക്കിയതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനാകും.ബലാത്സം​ഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം.

Advertising
Advertising

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. 

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെയാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.ആദ്യം ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 18 നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News