കണ്ണൂരില്‍ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി

മാനന്തവാടി കൂത്തുപറമ്പ് റോഡിലെ നെടുംപൊയിൽ ചുരം പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം

Update: 2023-05-09 09:04 GMT
Editor : ijas | By : Web Desk

കണ്ണൂര്‍: ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശിയായ പ്രതി നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി കൂത്തുപറമ്പ് റോഡിലെ നെടുംപൊയിൽ ചുരം പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ സിമന്‍റ് ലോഡുമായി യാത്ര ചെയ്യുകയായിരുന്നു കൊല്ലം പത്തനാപുരം സ്വദേശികളായ ഡ്രൈവർ നിഷാദും സഹായി സിദ്ദിക്കും. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ചുരം പാതയിൽ വെച്ച് വാഹനത്തിൽ ഉണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് നിഷാദ്, സിദ്ദിഖിനെ തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് ചോര വാർന്ന് കിടന്ന സിദ്ദിഖിനെ വഴിയാത്രക്കാർ പേരാവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതി നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊലയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News