Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തോട് വിശദീകരണം നല്‍കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.
ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പ്രാധാന്യമെന്നും സമീപകാലത്ത്, തെരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, വോട്ട് മോഷണത്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരുമെന്നാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പറഞ്ഞത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണെന്നും ബംഗളൂരുവില്‍ നടന്ന വോട്ട് അധികാര്‍ റാലിയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഇ-കോപ്പിയായി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഹുല്‍ വെല്ലുവിളിച്ചു. വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും രാഹുല്‍ ആരോപിച്ചു.