Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
മലപ്പുറം: സന്നദ്ധപ്രവർത്തനങ്ങൾ കൊണ്ടും മറ്റുള്ളവരെ സഹായിക്കുന്നതിലും എല്ലാകാലത്തും മറ്റ് ജില്ലകളെക്കാൾ ഒരുപടി മുന്നിൽ നിന്ന ജില്ലയാണ് മലപ്പുറം. പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഉഴറിനടക്കുമ്പോഴും കാരുണ്യത്തിന്റെ കൈകളുമായി തന്റെ സഹോദരനെ വരിഞ്ഞുമുറുക്കുന്ന മലപ്പുറത്ത് നിന്നുള്ള വാർത്തകൾ പലപ്പോഴായി കേട്ടിട്ടുണ്ടാകും. അത്തരത്തിൽ കാരുണ്യവും സാഹോദര്യവും കൈകോർത്ത മറ്റൊരു വാർത്തയാണ് മലപ്പുറം പുല്ലാരയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
മലപ്പുറം പുല്ലാരയിൽ ഇരുവൃക്കകളും തകരാറിലായ രോഗിക്ക് വേണ്ടി നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഒരു ദിവസം കൊണ്ട് അരക്കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. പുല്ലാരയിലെ മഹല്ല് കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റികളും സന്നദ്ധപ്രവർത്തകരുമടക്കം എല്ലാവരും ഒരുമിച്ചിറങ്ങിയതോടെയാണ് ഇത്തരത്തിൽ വലിയൊരു തുക കണ്ടെത്താനായത്.
'കക്ഷിരാഷ്ട്രീയം ഇല്ലാതെ എല്ലാവരും ഒരുമിച്ചുനിന്നു. വെറുപ്പിന്റെ രാഷ്ട്രീയം വല്ലാതെ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാൻ സാധിച്ചത് വലിയ നേട്ടമാണെന്നാണ് കരുതുന്നത്. എല്ലാ നാട്ടുകാർക്കും ഇതിൽ മാതൃകയുണ്ട്.' മഹല്ല് കമ്മിറ്റിയംഗങ്ങളും ക്ഷേത്രം ഭാരവാഹികളും ഏകസ്വരത്തിൽ പറഞ്ഞു.
12 മണിക്കൂർ കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്.പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും പുല്ലാരയിലെ കാരുണ്യ കൂട്ടായ്‌മയുടെയും നേതൃത്വത്തിലായിരുന്നു സമാഹരണം. വൃക്ക രോഗിയായ ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടിയായിരുന്നു ധനസമാഹരണം.