കേരളത്തിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി, നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടും: മല്ലികാർജുൻ ഖാർഗെ

ആത്മവിശ്വാസത്തോടെ പ്രചാരണം തുടരുന്നു എന്നും ഖാർഗെ

Update: 2025-12-13 12:30 GMT

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന കേരളത്തിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും ആ ആത്മവിശ്വാസത്തോടെ പ്രചാരണം തുടരുന്നു എന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഇത് നിർണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുൽ പറഞ്ഞു.

Advertising
Advertising

'ഈ ഫലങ്ങൾ യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്.കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കിയ സമർപ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാർട്ടി നേതാവിനും പ്രവർത്തകർക്കും എന്റെ ആത്മാർത്ഥമായ നന്ദി'. രാഹുൽ പറഞ്ഞു.

അതിനിടെ, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനം അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. ഭൂരിപക്ഷ ഏകീകരണത്തിനുള്ള സിപിഎം ശ്രമമാണ് താമര വിരിയിക്കാൻ കാരണം. ടീം വർക്കാണ് യുഡിഎഫിനെ വിജയത്തിലെത്തിച്ചത്. ജനവിധി നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഊർജമാണെന്നും സതീശൻ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News