കൊല്ലം പട്ടാഴിയിൽ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു
കണ്ണൂര്‍ തളിപ്പറമ്പിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് എട്ട് വയസുകാരിക്ക് പരിക്കേറ്റു
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയിൽ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു.മൈലാടുംപാറ സ്വദേശി ബൈജു വർഗ്ഗീസാണ് (52) മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്. ബൈജു വര്‍ഗീസിന്‍റെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണത്. ഇതിന്‍റെ ചില്ലകള്‍ വെട്ടിമാറ്റാനായി പോയതായിരുന്നു ബൈജു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതമായി കിടക്കുന്ന ബൈജുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.
അതിനിടെ കണ്ണൂര്‍ തളിപ്പറമ്പിൽ ശക്തമായ കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് എട്ട് വയസുകാരിക്ക് പരിക്കേറ്റു. ഓട് പൊട്ടി വീണാണ് പരിക്കേറ്റത്. കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റില്‍ കണ്ണൂരില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു.
കോഴിക്കോട് വീണ്ടും റെയിൽവേ ട്രാക്കിൽ മരം വീണു. മാത്തോട്ടത്താണ് മരം ട്രാക്കിലേക്ക് വീണത്.റെയിൽ വേയുടെ വൈദ്യുതി ലൈൻ തകരാറിലായി. ഇന്നലെ മരം വീണ സ്ഥലത്തിന് മീറ്ററുകൾ അകലെയാണ് വീണ്ടും അപകടം സംഭവിച്ചത്. ട്രാക്കിലേക്ക് വീണ മരം മുറിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് അരീക്കാടായിരുന്നു ഇന്നലെ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണത്.ഇതിനെത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റും കാറ്റിൽ ട്രാക്കിലേക്ക് പറന്നുവീണിരുന്നു.