ഹണിമൂൺ കൊലപാതകം: പ്രതിയെ വിമാനത്താവളത്തിൽ വെച്ച് തല്ലി യാത്രക്കാരൻ; വീഡിയോ വൈറൽ

കൊല്ലപ്പെടുന്ന സമയത്ത് രാജാ രഘുവംശി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തെന്ന് പൊലീസ്

Update: 2025-06-11 05:24 GMT
Editor : Lissy P | By : Web Desk

ഇൻഡോർ: മേഘാലയിൽ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച്  യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികൾ. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി മേഘാലയ പൊലീസ് സംഘം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലഗേജിനായി കാത്തുനിന്ന ഒരു യാത്രക്കാരൻ പൊലീസ് സംഘത്തെ കാണുകയും പെട്ടന്ന് അവർക്കടുത്തേക്ക് പോയി പ്രതികളിലൊരാളെ തല്ലുകയുമായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

രാജ്യത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം കഴിഞ്ഞ രണ്ടുദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. യാത്രക്കാരൻ തന്റെ രോഷം പ്രകടിപ്പിച്ചാതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പ്രതികളെയെല്ലാം മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ പ്രതികളിൽ ആരെയാണ് തല്ലിയതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

മെയ് 23 നാണ്  ഹണിമൂണിനായി മേഘാലയിലെത്തിയ ബിസിനസുകാരനായ രാജാ രഘുവംശിയെ (29) ഭാര്യ സോനം (25) കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തുന്നത്. ഇതിനായി മൂന്ന് വാടക കൊലയാളികളെ അവിടേക്ക് വിളിച്ചുവരുത്തിയതായിരുന്നെന്നും പൊലീസ് പറയുന്നു. ഭാര്യയടക്കം അഞ്ചുപേരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ ഭാര്യ സോനവും കാമുകൻ രാജ് കുശ്വാഹവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

മേഘാലയ പൊലീസിന്റെ 12 അംഗ സംഘം പ്രതികളായ രാജ് കുശ്വാഹ, വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരുമായി ഷില്ലോങ്ങിലേക്ക് പോയതായി ഇൻഡോറിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ സോനവും ഇൻഡോർ സന്ദർശിച്ചിരുന്നെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.'സോനം മേഘാലയയിൽ നിന്ന് ഇൻഡോറിൽ എത്തി മെയ് 25 നും 27 നും ഇടയിൽ ദേവാസ് നാക പ്രദേശത്തെ വാടക ഫ്‌ലാറ്റിൽ താമസിച്ചതായി വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, പ്രതികളിലൊരാളായ വിശാൽ ചൗഹാന്റെ വീട്ടിൽ മേഘാലയ പൊലീസ് പരിശോധന നടത്തി. രഘുവംശി കൊല്ലപ്പെട്ട സമയത്ത്  ധരിച്ചിരുന്ന പാന്റും ഷർട്ടും വിശാലിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായി ഇൻഡോർ എസിപി പൂനംചന്ദ്ര യാദവ് പറഞ്ഞു. കണ്ടെടുത്ത വസ്ത്രങ്ങളിൽ രക്തക്കറയുടെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News