ബസ് യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച യുവാവ് സ്വയം പരിക്കേല്‍പ്പിച്ചു; ഇരുവരുടെയും പരിക്ക് ഗുരുതരം

ബസിന്‍റെ മധ്യഭാഗത്തെ സീറ്റിൽ യുവതിക്ക് തൊട്ടുപിറകിലായാണ് പ്രതി ഇരുന്നത്. പിന്നീട് ഇരുവരും പിറകിലെ സീറ്റിലേക്ക് മാറി

Update: 2023-05-05 01:18 GMT

മലപ്പുറം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്രയ്ക്കിടെ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയെ ആക്രമിച്ച ശേഷം അക്രമി സ്വയം പരിക്കേല്‍പ്പിച്ചു. മൂന്നാർ - ബംഗളുരു ബസ് യാത്രക്കിടെ മലപ്പുറം കക്കാട് വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അക്രമിയെയും യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയിൽ ജോലി ചെയ്യുന്ന ഗൂഡലൂർ സ്വദേശിനിയെ ആണ് വയനാട് മുളങ്കാവ് സ്വദേശി സനിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണ ശേഷം സനിൽ സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ചു. ആക്രമണത്തിൽ യുവതിയുടെ നെഞ്ചിലാണ് പരിക്കേറ്റത്. അങ്കമാലിയിൽ നിന്നാണ് യുവതി ബസിൽ കയറിയത്. മലപ്പുറം എടപ്പാളിൽ നിന്ന്‌ സനിലും ബസിൽ കയറി. ശേഷം ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ യുവതിക്ക് തൊട്ടുപിറകിലായാണ് സനിൽ ഇരുന്നത്. പിന്നീട് ബസ് കോട്ടക്കൽ പിന്നിട്ടപ്പോൾ ഇരുവരും പിറകിലെ സീറ്റിലേക്ക് മാറിയിരുന്നതായി ബസ് യാത്രികരും ജീവനക്കാരും പൊലീസിന് മൊഴി നൽകി.

Advertising
Advertising

ദേശീയ പാതയിൽ മലപ്പുറം കക്കാട് എത്തിയപ്പോഴാണ് ബാഗിൽ കരുതിയിരുന്ന കത്തി കൊണ്ട് സനിൽ യുവതിയെ ആക്രമിച്ചത്. യുവതിയുടെ ശബ്ദം കേട്ട് സഹയാത്രികർ എത്തുമ്പോഴേക്കും സനിൽ സ്വയം പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ബസിൽ തന്നെ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സനിലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന് മുമ്പ് ഇരുവരും തർക്കത്തില്‍ ഏർപ്പെട്ടിരുന്നില്ലെന്നാണ് ബസിലുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു .

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News