പത്തുമാസക്കാരി മംഗള ഇന്ന് കാട്ടിലേക്കിറങ്ങും; ഇരപിടിക്കാന്‍ പഠിക്കാന്‍

ഇന്ന് രാജ്യാന്തര കടുവാദിനം

Update: 2021-07-29 02:55 GMT
By : Web Desk
Advertising

രാജ്യാന്തര കടുവ ദിനമായ ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ് മംഗള എന്ന കുട്ടി കടുവ. അമ്മ ഉപേക്ഷിച്ച കടുവ കുഞ്ഞ് ഇതുവരെ പെരിയാർ കടുവ സങ്കേതത്തിലെ ജീവനക്കാരുടെ സംരക്ഷണത്തിലായിരുന്നു. വേട്ടയാടാൻ പരിശീലനം നൽകുന്നതിനായാണ് കുട്ടികടുവയെ കാട്ടിനുള്ളിൽ തയ്യാറാക്കിയ വിശാലമായ കൂട്ടിലേക്ക് ഇറക്കുന്നത്.

2020 നവംബർ 21ന് മംഗളാദേവി വനമേഖലയിൽ നിന്നാണ് ക്ഷീണിച്ച് അവശനിലയിലായ കടുവക്കുഞ്ഞിനെ വാച്ചർമാർക്ക് ലഭിച്ചത്. അന്ന് ഏകദേശം രണ്ട് മാസമായിരുന്നു പ്രായം. അമ്മക്കടുവയുടെ വരവ് കാത്ത് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് കുട്ടി കടുവയുടെ സംരക്ഷണം വനപാലകർ തന്നെ ഏറ്റെടുത്തു. മംഗള എന്ന് പേരിട്ടു. അമ്മയില്ലാത്ത കുഞ്ഞിനെ ആ കുറവ് അറിയിക്കാതെ വളർത്തി. ഇപ്പോൾ പ്രായം പത്ത് മാസം.

Full View

ഇതുവരെ മംഗളക്ക് തന്‍റെ കൊച്ചു കൂട്ടിൽ കൃത്യമായി ഭക്ഷണം ലഭിക്കുമായിരുന്നു. ഇനി കാട്ടിലേക്ക് ഇറങ്ങി ഇരപിടിക്കാൻ പഠിക്കണം. തുറന്ന് വിട്ടാൽ മറ്റ് മൃഗങ്ങൾ അക്രമിക്കാൻ സാധ്യതയുള്ളതിനാൽ കാട്ടിൽ വിശാലമായ കൂട് നിർമ്മിച്ചാണ് വേട്ടയാടാൻ പരിശീലനം നൽകുക. ഇതിനായി 25 മീറ്റർ നീളവും, വീതിയുമുള്ള കൂട് കാട്ടിനുള്ളിൽ തയ്യാറാണ്. കൂട്ടിൽ ശുദ്ധജല സ്രോതസ്സും വലിയ മരങ്ങളും ഒക്കെയുണ്ട്. സുരക്ഷക്കായി കൂടിന് ചുറ്റും കമ്പി വേലിയും, ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മംഗളയ്ക്ക് പുതിയ കൂടും അന്തരീക്ഷവും പരിചയമാകുന്നതോടെ, ഇവിടേക്ക് ചെറിയ ജീവികളെ കയറ്റിവിട്ട് വേട്ടയാടാന്‍ പരിശീലിപ്പിക്കും. അമ്പത് മൃഗങ്ങളെയെങ്കിലും വേട്ടായാടാൻ സാധിച്ചാൽ മാത്രമേ മംഗളയെ കടുവ സങ്കേതത്തിന്റെ വിശാലതയിലേക്ക് തുറന്ന് വിടുകയുള്ളു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് കടുവക്കുട്ടിക്കു ഇത്തരത്തിൽ പരിശീലനം നൽകുന്നത്. 50 ലക്ഷം രൂപയാണു പരിശീലന ചെലവ്.

Tags:    

By - Web Desk

contributor

Similar News