മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിക്കേസ്: മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി അറസ്റ്റിൽ

മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം

Update: 2022-09-26 13:38 GMT
Editor : afsal137 | By : Web Desk

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അടക്കം മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പള്ളി നിർമ്മാണത്തിൽ അഞ്ച് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. പള്ളി കമ്മിറ്റി അംഗം നെടുവോട്ടുംകുന്നിലെ എംവി ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മട്ടന്നൂർ ജുമാ മസ്ജിദ്, ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്. ഇന്ന് രാവിലെ മുതൽ അബ്ദുൽ റഹ്മാൻ കല്ലായി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ് അബ്ദുൽ റഹ്മാൻ കല്ലായി. മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി കുഞ്ഞഹമ്മദ്, മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായ യു. മഹറൂഫ് എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂർ പോലീസ് സി.ഐ എം കൃഷ്ണനാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കണമെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിർദേശിച്ചിരുന്നു.

Advertising
Advertising

കേസിൽ മൂവർക്കും ഉപാധികളോടെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യം നൽകിയത്. ഇന്ത്യ വിട്ടുപോകാതിരിക്കാൻ മൂവരുടെയും പാസ്‌പോർട്ട് പോലീസ് സ്റ്റേഷനിലോ കോടതിയിലോ നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥകളുണ്ട്. ഈ വ്യവസ്ഥ അനുസരിച്ചാണ് ഇന്ന് രാവിലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News