Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരണപ്പെട്ടതിനെ തുടർന്ന് സഹായിക്കാൻ ആരുമില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു. കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മാത്രമാണ് മരണ കാരണമെന്നും വേണുവിന്റെ കുടുംബം പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും സിന്ധു കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യവകുപ്പ് സംഘം ഇന്ന് വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴിയെടുക്കും. ഈ മാസം 5ആം തിയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. ഇതിനു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം ടിഎംഈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന വേണുവിന്റെ നിരവധി ശബ്ദ സന്ദേശങ്ങളും മരണശേഷം പുറത്തുവന്നിരിന്നു.
മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ തിരുവനന്തപുരത്ത് ഏതാണ് സാധിക്കില്ല എന്ന് കുടുംബം അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യ സംഘം ഇന്ന് വീട്ടിലെത്തി മൊഴിയെടുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംഘം കൊല്ലം പന്മനയിലുള്ള വീട്ടിലെത്തും. 5 ദിവസം ചികിത്സ നൽകാതെ അവസാന നിമിഷം ഐസിയുവിലേക്ക് മാറ്റിയാതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണപ്പെടാനും കാരണം. മാത്രമല്ല ഓട്ടോ ഓടിച്ചിരുന്ന വേണുവിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയിരുന്നത്.