'വിഴിഞ്ഞത്ത് സംഘർഷം വ്യാപകമാവാതിരിക്കാൻ നിയമനടപടി കർശനമാക്കും'; സർവകക്ഷി യോഗത്തിൽ തീരുമാനം

കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം അവസാനിച്ചു

Update: 2022-11-28 13:24 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം അവസാനിച്ചു. സംഘർഷം വ്യാപകമാവാതിരിക്കാൻ നിയമ നടപടി കർശനമായി നടപ്പാക്കണമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. പൊലീസ് ആത്മസംയമനം പാലിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാകണമെന്നാണ് പൊതു അഭിപ്രായമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് സമരസമിതി സർവകക്ഷി യോഗത്തെ അറിയിച്ചതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു . സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പദ്ധതിക്കെതിരെ ലത്തീൻ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സർക്കാരിൻറേയും സിപിഎമ്മിൻറെയും തീരുമാനം. വിമർശങ്ങൾക്കും ആക്ഷേപങ്ങൾക്കും മുഖ്യമന്ത്രി നേരിട്ട് തന്നെ മറുപടി നൽകും. വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാർ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കും. വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാൻ ഗൂഢശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപെടുത്തി. കലാപ സമരത്തിനെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിൻറെ സൂചന നൽകുന്നതായിരുന്നു മന്ത്രിമാരുടെ പ്രതികരണങ്ങൾ. 

തുറമുഖ നിർമാണം നിർത്തണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പ്രതികരണം. വിഴിഞ്ഞത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിനൊപ്പം ക്രമസമാധാനം പരിപാലിക്കപ്പെടണമെന്നും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും റോഷി അഗസ്റ്റിൻ ആലപ്പുഴയിൽ പറഞ്ഞു.  വിഴിഞ്ഞം സമരസമിതി ഉന്നയിക്കുന്നത് നടക്കാത്ത ആവശ്യമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. പ്രശ്നങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News