'പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാൽ സീറ്റ് വർധന ആവശ്യമില്ല'; പ്ലസ് വൺ സീറ്റ് കുറവ് മറച്ചുവെക്കാന്‍ വിചിത്ര വാദവുമായി മന്ത്രി

നിയമസഭയില്‍ അവതരിപ്പിച്ചത് മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍

Update: 2021-08-02 13:29 GMT

പ്ലസ് വൺ സീറ്റ് കുറവ് മറച്ചുവക്കാൻ വിചിത്രമായ കണക്കുമായി നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്നും കഴിഞ്ഞതവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നുമാണ് മന്ത്രിയുടെ വാദം. നിയമസഭയിൽ സി.പി.എം അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍, നിയമസഭയില്‍ അവതരിപ്പിച്ചത് മുൻവർഷം പ്രവേശനം നേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കുകളാണ്. സീറ്റില്ലാത്തതിനാലാണ് മുൻവർഷം കുട്ടികൾ കുറഞ്ഞത് എന്ന വിവരം മറച്ചുവച്ചാണ് മന്ത്രിയുടെ മറുപടി. അതേസമയം, വിചിത്രമായ കണക്കുണ്ടാക്കിയിട്ടും മലപ്പുറത്ത് ലഭ്യമായ സീറ്റിനേക്കാൾ കൂടുതൽ കുട്ടികളാണുള്ളത്.

Advertising
Advertising

കഴിഞ്ഞ അഞ്ചുവർഷം പ്ലസ് വണിന് പ്രവേശം നേടിയവരുടെ കണക്കെടുത്താല്‍ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടത് 34,488 സീറ്റാണെന്നാണ് മന്ത്രി വെച്ച കണക്ക്. നിലവില്‍ 29200 സീറ്റ് കോഴിക്കോടുണ്ട്. കുറവ് 5288 സീറ്റ് മാത്രം. 20 ശതമാനം സീറ്റ് വർധന നടപ്പാകുമ്പോള്‍ 5840 സീറ്റ് ലഭിക്കും. അതായത് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റ് വർധിപ്പിക്കേണ്ടതില്ല. ഇതാണ് എല്ലാ ജില്ലകളിലെയും അവസ്ഥയെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലായി 40,806 പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഈ വർഷമുള്ളത്.

സഭയില്‍ അവതരിപ്പിച്ച കണക്ക് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കണമെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. സഭയിൽ വെച്ച കണക്ക് വസ്തുതാപരമാണോയെന്ന് പറയേണ്ടത് സർക്കാരാണെന്നും വിജയിച്ചവർക്ക് ആനുപാതികമായ സീറ്റ് ലഭ്യമാക്കണമെന്നും സച്ചിൻദേവ് എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.എസ്‍.യു പ്രസിഡന്റ് കെ.എം.അഭിജിത്തും പ്രതികരിച്ചു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News