കോഴിക്കോട് തിരോധാന കേസിൽ വഴിത്തിരിവ്;ലഹരി ഉപയോഗത്തിനിടെ വിജിൽ കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കളുടെ മൊഴി
മൃതദേഹം സരോവരം പാർക്കിനടുത്ത് കുഴിച്ചിട്ടതായി പൊലീസ്
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതായ കേസിൽ വഴിത്തിരിവ്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും മൃതദേഹം സുഹൃത്തുക്കൾ സരോവരം പാർക്കിനടുത്ത് കുഴിച്ചിട്ടെന്നും പൊലീസ് പറഞ്ഞു.സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
2019 മാർച്ചിൽ ആണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല.പഴയ മിസ്സിംഗ് കേസുകൾ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിജിൽ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത് വിശദീകരിച്ചു.
കേസിൽ പിടിയിലായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കൊപ്പം സംഭവ ദിവസം കൂടെ ഉണ്ടായിരുന്ന പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവർ ഒത്തു ചേർന്നു. നിഖിലാണ് ബ്രൗൺഷുഗർ വിജിലിന് കുത്തിവെച്ചത്. അമിത അളവിൽ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജിൽ ബോധരഹിതനായി. പിന്നാലെ വിജിൽ മരിച്ചെന്നാണ് നിഖിൽ മൊഴി നൽകിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയ ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാനുള്ള നടപടികൾ അടുത്ത ദിവസം തുടങ്ങും.