പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് കേരള പൊലീസിന്റെ സദാചാര പൊലീസിങ്; തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് ഇതരമതസ്ഥനെതിരെ സ്വമേധയാ കേ​സെടുത്തത്

ഇരുവരും വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ യുവാവിന് മുൻകൂർ ജാമ്യം നൽകിയാൽ ജില്ലയിൽ സാമുദായിക സംഘർഷം ഉണ്ടാകുമെന്നായിരുന്നു പ്രോസിക്യൂഷ​ൻ നിലപാട്

Update: 2024-12-05 10:41 GMT

കാസർകോട്:   വ്യത്യസ്ത മതത്തിൽപ്പെട്ട യുവാവും പെൺകുട്ടിയും ബൈക്കിൽ യാത്രചെയ്തതിന്  യുവാവിനെതിരെ തട്ടികൊണ്ട് പോയെന്ന് കേസ്. കാസർകോട് വനിതാ പൊലീസ് സ്വമേധയയാണ് കേസെടുത്തത്. 17 കാരിയെ തട്ടിക്കൊണ്ട് പോയെന്ന് ലക്ഷ്വദീപ് സ്വദേശിയായ 23 കാരനെതിരെയായിരുന്നു പൊലീസ് സ്വമേധയാ കേസെടുത്തത്. കേസിൽ ലക്ഷ്വദീപ് സ്വദേശിയായ 23കാരന് കാസർകോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 13ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവും, ഇതേ ആശുപത്രിക്ക് കീഴിലെ നഴ്സിങ് കോളജിലെ നഴ്സിങ്ങ് വിദ്യാർഥിനിയായ 17 കാരിയും രാത്രി ബൈക്കിൽ നഗരത്തിലൂടെ സഞ്ചരിച്ചതിനാണ് കാസർകോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തത്.

Advertising
Advertising

ആശുപത്രിയിൽ നടന്ന ഓണാഘോഷ പരിപാടിക്ക് ശേഷം ജീവനക്കാരുടെയെല്ലാം മുന്നിൽ വെച്ചാണ് പെൺകുട്ടിയുടെ ആവശ്യ പ്രകാരം ബൈകിൽ കാസർകോട് നഗരം കാണാനിറങ്ങിയത്. 12.45 മണിയോടെ ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഇവർ പുലർച്ചെ 2.45 മണിയോടെയാണ് തിരിച്ച് എത്തിയത്. വൈകി വന്നതിന്റെ പേരിൽ ഇരുവരെയും ആശുപത്രി അധികൃതർ വിശദീകരണം ചോദിച്ചിരുന്നു. ഇടക്ക് മഴ പെയ്തത് കൊണ്ടാണ് വൈകിയതെന്ന് ഇവർ വിശദീകരിച്ചു. ഇതിന് ശേഷം ചിലർ സംഘപരിവാർ സംഘടനകൾ വഴി യുവാവിനെതിരെ പരാതി നൽകാൻ പെൺകുട്ടിയേയും അമ്മയേയും ആശുപത്രി ഉടമയേയും സമ്മർദം ചെലുത്തുകയുമായിരുന്നു. എന്നാൽ പരാതി നൽകാൻ പെൺകുട്ടിയോ അമ്മയോ തയ്യാറായില്ല. പിന്നീടാണ് പൊലീസ് ബിഎൻഎസ് സെക്ഷൻ 137 (2) പ്രകാരം തട്ടിക്കൊണ്ടുപോകലിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പരാതിയില്ലെന്ന് അറിയിച്ചിട്ടും പൊലീസ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പെൺകുട്ടിയുടെ മാതാവിൽ നിന്നും പലതവണ എസ്.ഐ അജിതയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു.എന്നാൽ പരാതി ഇല്ല എന്ന  നിലപാടിൽ അവർ ഉറച്ചുനിന്നു.

കേസെടുത്ത വിവരം അറിഞ്ഞ ഉടൻ യുവാവ് അഭിഭാഷകൻ മുഖേന കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നവംബർ 27ന് കേസ് പരിഗണിച്ചപ്പോൾ യുവാവിന് മുൻകൂർ ജാമ്യം നൽകിയാൽ, ഇരുവരും വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ ജില്ലയിൽ സാമുദായിക സംഘർഷം ഉണ്ടാകുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ പി.വേണുഗോപാലൻ നിലപാടെടുത്തത്. വിശദമായ വാദം കേൾക്കുന്നതിനായി ഡിസംബർ മൂന്നിന് കേസ് മാറ്റിവെച്ചു.

സാമുദായിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷൻ വീണ്ടും ആവർത്തിച്ചു.യുവാവിന് വേണ്ടി സംഭവത്തിൽ നിജസ്ഥിതി വ്യക്തമാക്കുന്നതിനായി പെൺകുട്ടിയും അമ്മയും അന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സും കോടതിയിൽ എത്തിയിരുന്നു. അവരുടെ ഭാഗങ്ങൾ കേൾക്കേണ്ട ആവശ്യമില്ലെന്ന്  വ്യക്തമാക്കിയ സെഷൻസ് ​ജഡ്ജി സനു എസ് പണിക്കർ യുവാവിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഒരു വ്യക്തിയെ എവിടേക്കെങ്കിലും കൊണ്ടുപോകുന്നത് ഒരു കുറ്റകൃത്യമല്ല. അത് ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് ചെയ്‌തതെങ്കിൽ മാത്രമേ അത് കുറ്റകരമാകൂ. ഈ കേസിൽ, ഇരുവരും പുറത്തുപോയപ്പോൾ മറ്റൊരു കുറ്റവും ചെയ്തിട്ടില്ല', എന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്‌ജ് വാക്കാൽ നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ രണ്ട് ദിവസങ്ങളിലായി ഓരോ മണിക്കൂർ മാത്രം ചോദ്യം ചെയ്താൽ മതിയെന്നും അത് വൈകീട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി വിധിയോടെ ഇനി പൊലീസ് ബുദ്ധിമുട്ടിക്കില്ലെന്ന പ്രതീക്ഷയില്ലാണ് യുവാവും പെൺകുട്ടിയും പെൺകുട്ടിയുടെ അമ്മയും. എഫ്ഐആർ റദ്ദാക്കാൻ ഹൈകോടതിയെ സമീപിക്കാനാണ് യുവാവിൻ്റെ തീരുമാനം

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News