'അവിടെ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് ഗുണകരമാവില്ല'; സെന്റ് റീത്താസ് സ്‌കൂളിൽ നിന്ന് രണ്ട് കുട്ടികൾ കൂടി ടിസി വാങ്ങുന്നു

താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു

Update: 2025-10-19 04:04 GMT

കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ നിന്ന് കൂടുതൽ കുട്ടികൾ ടിസി വാങ്ങുന്നു. തന്റെ രണ്ട് മക്കളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും ടിസിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും രക്ഷിതാവായ ജെസ്‌ന ഫിർദൗസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്‌കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം തങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമിടയിൽ തന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് തങ്ങൾ കരുതുന്നുവെന്നും ജെസ്‌ന പറഞ്ഞു.

Advertising
Advertising

ഔവർ ലേഡീസ് കോൺവെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേർക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവർ ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കൾ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്‌ന പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് ഞങ്ങൾ കുട്ടികളെ ചേർക്കുന്നത്. ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കൾ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News