കൊലയാളി മൃതദേഹം സ്റ്റേഷനിലെത്തിച്ചത് തോളിലേറ്റി‍; താനൊരാളെ കൊന്നുവെന്ന് വിളിച്ചുപറഞ്ഞു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്

Update: 2022-01-17 05:50 GMT

യുവാവിനെ തല്ലിക്കൊന്ന് കൊലയാളി തന്നെ മൃതദേഹം പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട ഞെട്ടിക്കുന്ന സംഭവം കേട്ടാണ് ഇന്ന് കോട്ടയം നഗരം ഉണര്‍ന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവേ ജോമോനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ടത് 19കാരനായ ഷാന്‍ ബാബുവാണ്. കോട്ടയം വിമലഗിരി സ്വദേശിയാണ് ഷാന്‍. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു.

Advertising
Advertising

ജില്ലയിൽ അധികാരം സ്ഥാപിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി ജോമോന്‍ പൊലീസിനോട് പറഞ്ഞു. എതിർ ഗുണ്ടാ സംഘത്തിലുള്ളവരുടെ താവളം കണ്ടെത്താനാണ് ആക്രമിച്ചതെന്നും പ്രതി മൊഴി നല്‍കി. മറ്റൊരു ഗുണ്ടയായ സൂര്യന്‍റെ സംഘം ജോമോന്‍റെ സംഘത്തിലുള്ളവരെ മർദിച്ചിരുന്നു. സൂര്യനുമായി ഷാൻ ബാബുവിന് സൗഹൃദം ഉണ്ടായിരുന്നു. തുടർന്നാണ് ഷാനെ ആക്രമിച്ചതെന്നാണ് സൂചന.

ഷാന്‍ ബാബുവിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ഷാനിന്‍റെ മൃതദേഹവുമായി ജോമോന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്.

പ്രതി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ നവംബര്‍ 21ന് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News