മുസ്‍ലിം ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി -ഐ.എൻ.എൽ
‘ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളാണ് പറഞ്ഞുവെക്കുന്നത്’
Photo|Special Arrangement
കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും തുടർന്ന് ആർ.എസ്.എസ് പത്രമായ ജന്മഭൂമിയുടെയും നേതാക്കളുടെയും ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചതായി ഐ.എൻ.എൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസും പ്രസ്താവനയിൽ പറഞ്ഞു.
ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളാണ് പറഞ്ഞുവെക്കുന്നത്. മുൻകാലങ്ങളിലും ചില മുസ്ലിം ലീഗ് നേതാക്കൾ രാമക്ഷേത്ര വിഷയത്തിൽ ഇത്തരം നിലപാടുകൾ എടുത്തിട്ടുണ്ടായിരുന്നു എന്നും തങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന ചില രാഷ്ട്രീയ സമ്മർദ്ദങ്ങളാലാവാം എന്നുമുള്ള ജന്മഭൂമിയുടെ പരാമർശം അത്യന്തം ഗൗരവതരമാണ്.
എന്ത് രാഷ്ട്രീയ സമ്മർദ്ദമാണ് പാണക്കാട് തങ്ങൾക്ക് മേലുള്ളത് എന്ന് അദ്ദേഹവും ജന്മഭൂമിയും വ്യക്തമാക്കേണ്ടതുണ്ട്. പാണക്കാട് തങ്ങൾക്കുമേൽ ചെലുത്തപ്പെടുന്ന ഇത്തരം സമ്മർദ്ദങ്ങൾ സമുദായത്തിന്റെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം നിലപാടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ഏറെ അപകടകരമാണ്.
ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അക്കാര്യങ്ങൾ ലീഗ് സമുദായത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം സത്യവിരുദ്ധ മുഖപ്രസംഗം എഴുതിയതിനു ജന്മഭൂമിക്കെതിരെ കേസ് കൊടുക്കാൻ ലീഗും തന്റേടം കാണിക്കണമെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു.