മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; രണ്ടുപേർ നിരീക്ഷണത്തിൽ, കൂടുതൽപേർ പ്രതികളായേക്കും
കേസുമായി ബന്ധപ്പെട്ട് മൊബൈൽ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
കൊച്ചി: വാളകത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ കൂടുതൽ പേർ പ്രതികളായേക്കും. രണ്ടുപേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതിയിൽ നൽകും.
കേസിൽ പൊലീസ് പിടിയിലായ പത്തുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വാളകം സ്വദേശികളായ ബിജീഷ്, അമൽ, സനൽ, അനീഷ്, ഏലിയാസ്, സത്യ കുമാർ, കേശവ്, സൂരജ്, എമിൽ, അതുൽ കൃഷ്ണ എന്നിവരാണ് റിമാൻഡിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വ്യാഴാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസ് ആൾക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെടുന്നത്. കേസിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.