മൃതദേഹം കണ്ടെത്തിയത് ഇന്നലെയും തെരച്ചില്‍ നടത്തിയ സ്ഥലത്തുനിന്ന്; ആ ഭാഗത്തേക്ക് ശ്രീനന്ദ പോയിട്ടില്ലെന്ന് ബന്ധുക്കള്‍, മരണത്തില്‍ ദുരൂഹത
കുട്ടിയെ അവസാനമായി കണ്ട സ്ഥലത്തിന് എതിര്‍വശത്തുനിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ ഭാഗത്ത് ശ്രീനന്ദ വീഴാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്
പാലക്കാട്: ചിക്കമംഗളൂരുവില്‍ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് കണ്ടെത്തിയതില്‍ ദുരൂഹത. കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തി ഒന്നും കണ്ടെത്താത്ത സ്ഥലത്തുനിന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. ശ്രീനന്ദയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന സംശയവും കുടുംബം പ്രകടിപ്പിച്ചിരുന്നു.
മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയില്‍ മൃതദേഹം കണ്ടെത്താനായത്. ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ മറുവശത്തുനിന്നാണ് മൃദേഹം കണ്ടെത്തിയത്. ആ ഭാഗത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വെള്ളച്ചാട്ടം കണ്ടശേഷം ശ്രീനന്ദ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.20 വരെ ശ്രീനന്ദ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തില്‍നിന്ന് കുട്ടിയെ കാണാതാകുന്നത്.
കുട്ടിയെ അവസാനമായി കണ്ട സ്ഥലത്തിന് എതിര്‍വശത്തുനിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ ഭാഗത്ത് ശ്രീനന്ദ വീഴാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ മറ്റാരെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടുവെന്ന സാധ്യതയാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മരണ കാരണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ലഭ്യമാകുമെന്നാണ് കരുതുന്നത്.
പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകള്‍ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേരായിരുന്നു ശ്രീനന്ദയോടൊപ്പം ചിക്കമംഗളൂരുവിലെ ബാബാബുഡാന്‍ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയത്. ഇവര്‍ തിരിച്ചുപോകാനൊരുങ്ങവേയാണ് ശ്രീനന്ദയെ കാണാതായ വിവരം അറിയുന്നത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ ഇരുനൂറോളം പേരടങ്ങുന്ന സംഘം ദിവസങ്ങളായി പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് ഹര്‍ഷന ഗുപ്പെയില്‍ 1500 അടി താഴ്ചയിലാണ് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതുന്നതെന്ന് ചെറിയച്ഛന്‍ അജിത്ത് പ്രതികരിച്ചിരുന്നു. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവില്‍ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.