10 ദിവസമായി എഫ് 35 യുദ്ധവിമാനം തിരുവനന്തപുരത്ത്; ഹാങ്ങറിലേക്ക് മാറ്റാമെന്ന നിർദേശം തള്ളി യുകെ- ദുരൂഹത

ജൂൺ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

Update: 2025-06-25 13:47 GMT

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ഇനിയും തിരിച്ചുപോയില്ല. 100 മില്യൺ ഡോളർ വില വരുന്ന വിമാനം ബ്രിട്ടീഷ് നാവികസേനയുടേതാണ്. നാവികസേനയുടെ സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കനത്ത മഴയെ തുടർന്ന് വിമാനം ഹാങ്ങറിലേക്ക് മാറ്റാമെന്ന ഇന്ത്യയുടെ നിർദേശം യുകെ തള്ളി. വിമാനത്തിന്റെ മടക്കയാത്ര വൈകുമ്പോൾ ഇത് സംബന്ധിച്ച ദുരൂഹതയും വർധിക്കുകയാണെന്ന് 'ടൈംസ് നൗ' റിപ്പോർട്ട് ചെയ്തു.

ജൂൺ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ലാൻഡ് ചെയ്യുന്നത് എന്നായിരുന്നു അപ്പോൾ പറഞ്ഞിരുന്നത്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്ന് പിന്നീട് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനം ഫൈറ്റർ ജെറ്റുകളിൽ നിർണായകമാണ്. ലാൻഡിങ് ഗിയർ, ബ്രേക്കുകൾ, ഫ്ളൈറ്റ് കൺട്രോൾ സംവിധാനങ്ങൾ എന്നിവയിൽ ഹൈഡ്രോളിക് സംവിധാനത്തിന് പ്രധാന പങ്കുണ്ട്. ഹൈഡ്രോളിക്സ് പ്രവർത്തിക്കുന്നില്ലെങ്കിൽ വിമാനം പറക്കാൻ അനുയോജ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertising
Advertising

ഹൈഡ്രോളിക് സംവിധാനം ശരിയാക്കാനായി ബ്രിട്ടീഷ്- അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ട്. ഇവർക്കും പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വിമാനം എയർലിഫ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അത്യാധുനിക സൈനികവിമാനമായ എഫ് 35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലെക്ക് മാറ്റേണ്ടതില്ല എന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം.

ലോകത്തെ ഏതാനും രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കൻ നിർമിത എഫ് 35. രഹസ്യമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാൾ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. അമേരിക്കയുടെ തന്നെ എഫ് 22 റാപ്റ്റർ, റഷ്യയുടെ എസ്‌യു 57, ചൈനയുടെ ഛെങ്ഡു ജെ 20, ഷെൻയാങ് ജെ 35, തുർക്കിയുടെ ടിഎഫ്എക്‌സ്- ഖാൻ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന മറ്റു യുദ്ധവിമാനങ്ങൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News