നവീന്‍ ബാബുവിന്‍റെ മരണം:'കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, കുടുംബത്തിന് നീതി ലഭിക്കണം'; ബിനോയ് വിശ്വം
''അന്നും ഇന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്''
തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ആരാണ് കുറ്റക്കാരെങ്കിലും അവർ ശിക്ഷിക്കപ്പെടണമെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്നും ഇന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നുംകുടുംബത്തിന് നീതി ലഭിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
'സംഭവത്തിന്‍റെ ആദ്യ ദിവസം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി നവീനിന്‍റെ കുടുംബത്തോടൊപ്പമായിരുന്നു.സർക്കാരും ആ നിലപാടിലായിരുന്നു. സത്യം പുറത്തു വരണമെന്നുംകുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം,നവീൻ ബാബുവിന്റെ ആത്മഹത്യയിലെ ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ടിലൂടെ പി.പി.ദിവ്യയുടെ ആസൂത്രണം പൂർണ്ണമായി തെളിഞ്ഞെന്ന് സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. സിപിഎം പ്രതിരോധം പൊളിഞ്ഞെന്നും റിപ്പോർട്ട് മുൻ നിർത്തി സുപ്രിം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും പ്രവീൺ ബാബു പറഞ്ഞു. കേസിൽ ഇതുവരെ ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്ന് ബന്ധു അനിൽ പി നായർ ആരോപിച്ചു.
അതിനിടെ ആത്മഹത്യ കേസിൽ ടി വി പ്രാശാന്തിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി വ്യാജ രേഖയുണ്ടാക്കിയതിൽ കേസെടുക്കണമെന്നാണ് ആവശ്യം. കണ്ണൂർ കലക്റ്ററേറ്റ്, വിജിലൻസ് എന്നിവിടങ്ങളിൽ നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇല്ലെന്ന വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്.